രാഹുല്‍ ഗാന്ധിയെ ഭയക്കുന്ന മോദി ഭരണകൂടം; ഉത്തരമില്ലാതെ വരുമ്പോള്‍ മുഴങ്ങുന്നത് വധഭീഷണികള്‍

ഭാരത് ജോഡോ യാത്രയിലൂടെ ഉയിര്‍ത്തെഴുന്നേറ്റ രാഹുല്‍ ഗാന്ധിയെന്ന നേതാവിനെ മോദി ഭരണകൂടം ഭയക്കുന്നു എന്നത് അനുദിനം വ്യകതമായിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് എളുപ്പമല്ല എന്ന തിരിച്ചറിവും
ബിജെപിക്കുണ്ടായിട്ടുണ്ട്.

ഇത്തരം ഭയങ്ങള്‍ അവരെ കൂടുതല്‍ കൂടുതല്‍ ജനാധിപത്യവിരുദ്ധതയിലേക്ക് തള്ളിയിടുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. അതിന്റെ ഉദാഹരണങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നും രാഹുല്‍ ഗാന്ധിക്കുണ്ടാകുന്ന വധഭീഷണികള്‍. രാഹുല്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ മറുപടിയില്ലാതെ വരുമ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാണ് ഇവയ്ക്ക് പിന്നിലെന്ന് രാഷ്ട്രീയ ഇന്ത്യ ഇതിനോടകം തന്നെ വിലയിരുത്തിക്കഴിഞ്ഞു.

മാത്രവുമല്ല ഭരണകൂടത്തിന് മറച്ചുവെക്കാന്‍ പലതുമുണ്ട് എന്നും ഇതിലൂടെ തുറന്നു കാട്ടപ്പെടുകയാണ്.
ഭരണപക്ഷക്കാരല്ലാത്തവരെയെല്ലാം കള്ളന്മാരായും കൊളളക്കാരുമായും ചിത്രീകരിക്കുന്ന തരംതാണ കളിയാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. കാപട്യം കാണിക്കുന്ന എല്ലാ കളളന്‍മാരെയും രക്ഷിക്കുവാനായി സത്യം പറയുന്നവരെ ശിക്ഷിച്ചു കൊണ്ട്, അപമാനിച്ചു കൊണ്ട്, ഭീഷണിപ്പെടുത്തിക്കൊണ്ട് നിശ്ശബ്ദരാക്കുക എന്ന നയം ഇന്ത്യയിലാകെ നടപ്പിലാക്കപ്പെടുകയാണ്.

‘മോദിയിസം’ പരാജയപ്പെടേണ്ടത് കാലത്തിന്റെ അനിവാര്യതയാണ് എന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് അക്ഷരാര്‍ഥത്തില്‍ ഇപ്പോള്‍ ശെരിയാവുകയാണ്. അതായത് മോദി പ്രഭാവം പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. ശത്രു ആരാണെന്ന് ബി.ജെ.പി ശക്തികള്‍ വിളിച്ചു പറഞ്ഞു കഴിഞ്ഞു. അവര്‍ ഭയപ്പെടുന്ന ശത്രു രാഹുല്‍ ഗാന്ധിയാണ്. അതു കൊണ്ടു തന്നെ എതിര്‍പ്പിന്റെ പ്രതീകവും അദ്ദേഹം തന്നെയാവണം. ഭൂരിപക്ഷ വര്‍ഗീയതയെ ഉണര്‍ത്തിക്കൊണ്ട് സംഘപരിവാര്‍ നടത്തുന്ന തേരോട്ടം ഏതുവിധേനയും അവസാനിപ്പിക്കേണ്ടതുണ്ട്.

രാഹുല്‍ ഗാന്ധിയെ അവര്‍ ഭയപ്പെടുന്നു എന്നതിനേക്കാള്‍ വലിയൊരു ശക്തി വേറെയെന്തുണ്ട്. ഇന്ത്യയെന്ന രാഷ്ട്രരൂപത്തെ സൃഷ്ടിച്ചവരില്‍ നിന്ന് കരുത്ത് സംഭരിച്ച് ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയെന്ന ദേശത്തെ ജനാധിപത്യത്തിന്റെ ശുദ്ധമായ വഴികളിലേക്ക് തിരിച്ചു കൊണ്ടുവരണം. അതിനായി ഇന്ത്യന്‍ ജനത ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കീഴില്‍ അണിചേര്‍ന്നു കഴിഞ്ഞു.

സ്വന്തം പതനത്തെ ഭയപ്പെടുന്ന, പതനം നോക്കിക്കാണുന്ന നരേന്ദ്ര മോദി ഇനിയും പ്രതിപക്ഷത്തെ വിശിഷ്യാ രാഹുല്‍ ഗാന്ധിയെ വേട്ടയാടുക തന്നെ ചെയ്യും. അദ്ദേഹത്തിനു മുന്നില്‍ വേറെ വഴികളില്ല. ഏത് നിമിഷവും കാലുവാരാന്‍ നില്‍ക്കുന്ന നിതീഷ്‌കുമാറും, ചന്ദ്രബാബു നായ്ഡുവും മോദിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു എന്ന കാര്യത്തില്‍ സംശയമില്ല. മോദി ഭയപ്പെടുന്ന ഒരു ശബ്ദത്തിനു മാത്രമെ ഈ വിഷമസന്ധിയില്‍ ഇന്ത്യയുടെ ശബ്ദമായി മാറാന്‍ കഴിയൂ. അതാരുടേതാണെന്ന് ഭരണകൂടം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്നും ഇന്നലെകളിലുമായി വ്യക്തമാക്കുന്നുണ്ട്. വെറുപ്പിലൂടെ.. വധഭീഷണികളിലൂടെ…

ആ ശബ്ദം രാഹുല്‍ ഗാന്ധിയുടെതാണ്. അതാണ് ഇന്ത്യയിലിനി ഉയര്‍ന്നു കേള്‍ക്കേണ്ടത്. അത് ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. എന്തിനേറെ പറയുന്നു സാക്ഷാല്‍ നരേന്ദ്രമോദി തന്നെ, അദ്ദേഹത്തിന്റെ കൂട്ടുകാര്‍ തന്നെ അത് മനസാ അംഗീകരിച്ചിരിക്കുകയാണ്.

Comments (0)
Add Comment