മോഡേൺ മെഡിസിൻ ഡോക്ടർമാർ രാജ്യ വാപകമായി നാളെ പണിമുടക്കും

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തിൽ മോഡേൺ മെഡിസിൻ ഡോക്ടർമാർ നാളെ രാജ്യ വാപകമായി പണിമുടക്കും. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് സമരം. ഒപികൾ പ്രവർത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ഉണ്ടാകുമെന്ന് കിടത്തി ചികിത്സയെ ബാധിക്കില്ലെന്നും സംഘടന വ്യക്തമാക്കി. കൊവിഡ് ആശുപത്രികളെല്ലാം പ്രവർത്തിക്കും. സൂചന പണിമുടക്കിൽ ഫലം കണ്ടില്ലെങ്കിൽ വമ്പൻ സമര പരിപാടികൾക്കാണ് സംഘടനയുടെ തീരുമാനം. അതേസമയം, ഐഎംഎയുടെ നീക്കം തടയാൻ ആയുർവേദ അസോസിയേഷൻ സുപ്രീംകോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്. സമരം മൂലം ചികിൽസ കിട്ടാത്തവരെ സഹായിക്കാൻ ആയുർവേദ ഡോക്ടർമാർ രംഗത്തുണ്ട്. നാളെ പരിശോധന സമയം കൂട്ടി സമരത്തെ നേരിടാനാണ് തീരുമാനം. ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുർവേദ ഡോക്ടർമാർക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകൾ നടത്താണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.

Comments (0)
Add Comment