പെരിയ ഇരട്ടക്കൊലപാതകം : പ്രതി പീതാംബരനെതിരെ ജനരോക്ഷം

Jaihind Webdesk
Thursday, February 21, 2019

‘ഇനി നാട്ടിൽ സമാധാനം വേണ്ട. ഇത്രയും നാൾ കോൺഗ്രസുകാർ സമാധാനത്തിനു വേണ്ടി വാദിച്ചതു കൊണ്ടാണു സാറേ… നമുക്ക് രണ്ടു പൊന്നോമനകളെ നഷ്ടപ്പെട്ടത്. ഇനി അവനെ ഞങ്ങൾക്കു വിട്ടു താ സാറേ…’. ഈ രോഷപ്രകടനവും വിതുമ്പലും ഒന്നും കൊലചെയ്യപ്പെട്ട ഒരു യുവാവിന്‍റെ ബന്ധുവിന്‍റെ മാത്രമായിരുന്നില്ല, മറിച്ച് ഒരു നാടിന്‍റെയാകമാനമുള്ള വികാരമായിരുന്നു.

പെരിയയെ മാത്രമല്ല കേരളത്തെയാകെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ആ നട്ടുച്ചനേരത്ത് പൊരിവെയിലത്തും നൂറുകണക്കിനാളുകളാണ് കാത്തുനിന്നത്.

പീതാംബരനെ വാഹനത്തിൽ നിന്നു പുറത്തിറക്കുന്നതിനു മുൻപു പൊലീസ് സംഘം ശക്തമായ സുരക്ഷാ വലയം തീര്‍ത്തിരുന്നു. കാരണം അത്രയേറെ ജനരോഷം പ്രദേശത്ത് പ്രകടമായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാൻ കയറേണി ഉപയോഗിച്ച് പോലീസുകാര്‍ കിണറ്റിലേയ്ക്ക് ഇറങ്ങുമ്പോൾ നിസ്സംഗതയോടെ തൊഴുകൈകളുമായി പൊലീസുകാർക്കിടയിൽ നിന്ന പീതാംബരനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നു.

തെളിവെടുപ്പിന് ശേഷം പീതാംബരനെ തിരികെ വാഹനത്തില്‍ കയറ്റുമ്പോള്‍ കനത്ത പൊലീസ് വലയവും ഭേദിച്ച് ചിലര്‍ അയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഏറെ ശ്രമപ്പെട്ടാണ് പൊലീസ് പ്രതിയെ വാഹനത്തിൽ എത്തിച്ചത്.