ഇടുക്കിയിലെ ഭൂപ്രശ്നത്തിൽ സംസ്ഥാന സ‍ർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം. മണി

 

ഇടുക്കി: ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുതി‍ർന്ന സിപിഎം നേതാവ് കൂടിയായ എം.എം. മണി എംഎല്‍എ. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്‍റും കരുതേണ്ടെന്ന് മുൻ വൈദ്യുതി വകുപ്പ് മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം നടത്തിയ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് മാർച്ചിലാണ് മണിയുടെ വിമർശനം.

വനം ഉള്ളത് സംരക്ഷിച്ചു കൊള്ളാനും പുതിയ വനം ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും വനം വകുപ്പിനോട് അദ്ദേഹം ഓ‍ർമ്മിപ്പിച്ചു. വനം വകുപ്പിനെ മാത്രമല്ല റവന്യു വകുപ്പിനേയും നേരിടേണ്ട സ്ഥിതിയാണ് ഇടുക്കിയില്‍ ഉള്ളതെന്നും ഇടുക്കിയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ നിന്നുള്ള ആളുകളെ ഇറക്കി വിടാന്‍ ദൈവം തമ്പുരാന്‍ മുഖ്യമന്ത്രിയായാലും കഴിയില്ല. വനം വകുപ്പ് ഇനിയും പ്രശ്‌നം ഉണ്ടാക്കിയാല്‍, പുറത്ത് ഇറങ്ങി നടക്കാന്‍ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണിത്. സർക്കാർ നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ലെന്നും എം.എം. മണി പറഞ്ഞു.

Comments (0)
Add Comment