മണിയുടേത് മനുഷ്യത്വരഹിതമായ പരാമർശം; മാപ്പ് പറയണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Friday, July 15, 2022

തിരുവനന്തപുരം: കെ.കെ രമ എംഎല്‍എക്കെതിരെ എം.എം മണി നടത്തിയ പരാമര്‍ശം അങ്ങേയറ്റം മനുഷ്യത്വരഹിതമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യം പറഞ്ഞെന്ന് മാത്രമല്ല അതില്‍ ഉറച്ചുനിന്നുകൊണ്ട് വീണ്ടും രംഗത്തുവരികയും ചെയ്തത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സഭയ്ക്കുള്ളിലോ പുറത്തോ ഇത്തരം പരാമര്‍ശങ്ങള്‍ ആരും നടത്താന്‍ പാടില്ല. അതുണ്ടാക്കുന്ന വേദനയുടെ ആഴം അനുഭവിക്കുന്നവര്‍ക്കേ അറിയൂ. മണിയുടെ പരാമര്‍ശത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതും സ്പീക്കര്‍ കണ്ടില്ലെന്ന് നടിച്ചതും തെറ്റാണ്. എം.എം മണിയെ തിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ല. രമക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി മാപ്പ് പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.