‘അപ്പോള്‍ വായില്‍ വന്നത് പറഞ്ഞു, പ്രസ്താവന പിന്‍വലിക്കില്ല’: എംഎം മണി

Jaihind Webdesk
Friday, July 15, 2022

തിരുവനന്തപുരം: നിയമസഭയില്‍ കെ.കെ രമക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് എം.എം മണി. ഒരു നാക്കുപിഴയുമില്ല. അവരുടെ വിധി ആണെന്നാണ് താന്‍ പറഞ്ഞത്. മാപ്പ് പറയാന്‍ മാത്രമൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും എംഎം മണി പ്രതികരിച്ചു.

‘രമയെ മഹതി എന്നാണ് പറഞ്ഞത്. മഹതി നല്ല വാക്കല്ലേ, വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രതിപക്ഷമാണ് വിധവയല്ലേ എന്ന് ചോദിച്ചത്.  പറഞ്ഞത് ശരിയല്ലെങ്കില്‍ അത് പിന്‍വലിക്കാന്‍ പറയേണ്ടവര്‍ പറയട്ടെ. അതുവരെ പറഞ്ഞതില്‍ മാറ്റമില്ല’ – എംഎം മണി പറഞ്ഞു.

കഴിഞ്ഞദിവസമാണ് എം.എം മണി നിയമസഭയില്‍ കെ.കെ രമക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

”ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ്. സര്‍ക്കാരിന് എതിരെ… ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല” – എന്നായിരുന്നു എംഎം മണിയുടെ പരാമര്‍ശം. എംഎം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ വന്‍ പ്രതിഷേധം ഉയർത്തി. പത്ത് മിനിറ്റ് മാത്രമാണ് സഭ ഇന്ന് ചേർന്നത്.