നികുതിക്കൊള്ളയിലൂടെ പള്ളവീര്‍ത്ത സര്‍ക്കാര്‍ പെന്‍ഷന്‍കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു: എം.എം.ഹസ്സന്‍

Jaihind News Bureau
Wednesday, August 7, 2019

നികുതിക്കൊള്ള നടത്തി പള്ളവീര്‍ത്തിട്ടും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച പിണറായി സര്‍ക്കാര്‍ അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സന്‍. കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രളയ സെസിലൂടെയും കറണ്ട് ചാര്‍ജ് വര്‍ധനവിലൂടെയും ബജറ്റില്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതികളിലൂടെയെല്ലാം സര്‍ക്കാരിന് വന്‍ വരുമാനം ലഭിക്കുന്നുണ്ട്. എന്നിട്ടും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇടതുസര്‍ക്കാരിനാകുന്നില്ല. ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന പണം കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ആര്‍ഭാടം നടത്തുകയാണെന്നും എം.എം.ഹസ്സന്‍ കുറ്റപ്പെടുത്തി.

ഒരായുസ് മുഴുവന്‍ വാട്ടര്‍ അതോറിറ്റിയുടെ ഉയര്‍ച്ചക്കായി ജീവിതം ഹോമിച്ച ജീവനക്കാരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അനീതിയാണെന്ന് കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി പറഞ്ഞു. അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

വി.അബ്ദുള്‍ ബഷീര്‍, കെ.എസ്.രാമചന്ദ്രന്‍ നായര്‍, പ്രഭാകരന്‍ കച്ചേരി,റോയ് മാത്യൂ,പി.കെ.ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.