ചാർട്ടേഡ് ഫ്ലൈറ്റില്‍ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: ഉത്തരവ് പ്രവാസികളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് എം.എം ഹസ്സന്‍

Jaihind News Bureau
Sunday, June 14, 2020

 

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ പിണറായി സര്‍ക്കാരിന്റെ ഉത്തരവ് പ്രവാസികളോടുള്ള യുദ്ധപ്രഖ്യാപനമെന്ന്  മുന്‍ കെ.പി.സി.സി  പ്രസിഡന്‍റ് എം.എം.ഹസ്സന്‍.

വിമാനക്കൂലിപ്പോലും നല്‍കാനില്ലാത്ത പ്രവാസികള്‍ സന്നദ്ധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുമ്പോള്‍ 48 മണിക്കൂറിനുള്ളില്‍ ഏകദേശം 7000 രൂപയോളം ചെലവാക്കി പരിശോധന നടത്തണമെന്നത് അസാധ്യവും അപ്രായോഗികവുമാണ്.വന്ദേഭാരത് മിഷന്റെ ഭാഗമയുള്ള വിമാനങ്ങളില്‍ യാത്രക്കായി പ്രവാസികള്‍ക്ക് റാപ്പിട്ട് ടെസ്റ്റ് നടത്തി കൊവിഡ് സാധ്യതയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നില്ല.അതേരീതി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്കും അനുവദിക്കുന്നതിന് പകരം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തന്നെ വേണമെന്ന ഉത്തരവ് മനുഷ്യത്തരഹിതമാണെന്നു ഹസ്സന്‍ പറഞ്ഞു.

കൊവിഡിനെതിരെ യുദ്ധം ചെയ്യുന്ന കേരള സര്‍ക്കാര്‍ ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് പ്രവാസികളോടാണ്. പെയിഡ് ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തി അദ്യം പിണറായി സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചു. ഇപ്പോള്‍ യാത്രാനുമതി നിഷേധിക്കുന്നതിനായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. ഉത്തരവ് എത്രയും പെട്ടന്ന് പിന്‍വലിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.