തൊഴില്‍രഹിതരായ പ്രവാസികള്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: എം.എം.ഹസ്സന്‍

Jaihind News Bureau
Monday, April 27, 2020

M.M-Hassan

തിരുവനന്തപുരം:  കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായവരേയും തൊഴില്‍ രഹിതരേയും സംരക്ഷിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍  സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഗള്‍ഫ് നാടുകളില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും ലേബര്‍ ക്യാമ്പുകളിള്‍ ഉള്‍പ്പടെ കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്കും ആശ്വാസമേകുന്ന വിധം സമാനരീതിയില്‍ സാമ്പത്തിക പാക്കേജിന് രൂപം നല്‍കണമെന്ന് മുന്‍  കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു.

എല്ലാ എംബസികളിലുമുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ നിന്നും 1000 ദര്‍ഹം വീതം വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട മുഴുവന്‍ പ്രവാസികള്‍ക്കും നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. വിദേശരാജ്യങ്ങളില്‍ പാസ്‌പോര്‍ട്ട് പുതുകുമ്പോള്‍ 11 ഡോളര്‍ വീതം ഓരോ ഇന്ത്യന്‍ പൗരനില്‍ നിന്നും ഈടാക്കാറുണ്ട്. ഇത് ഭീമമായ തുകയായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിലുണ്ട്.

പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുമ്പോള്‍ ഭാരിച്ച വിമാനയാത്രാക്കൂലിയില്‍ ഇളവ് നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. പാക് പൗരന്‍മാരെ വിദേശനാടുകളില്‍ നിന്നും തിരികെ കൊണ്ടുപോകാന്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

നമ്മുടെ സഹോദരങ്ങളായ പ്രവാസികളെ മടക്കി കൊണ്ടുവരുമ്പോള്‍ കുറഞ്ഞ നിരക്ക് ഈടാക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണം. ഇതിനു പുറമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹാത്തോടെ യാത്രാടിക്കറ്റ് നിരക്കില്‍ ഒരു സബ്‌സിഡറി നല്‍കാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.