മന്ത്രിസഭാ യോഗം ചേരാത്തത് സർക്കാരിന്‍റെ നിരുത്തരവാദപരമായ സമീപനം : എം എം ഹസൻ

മന്ത്രിസഭാ യോഗം ചേരാത്തത് സർക്കാരിന്‍റെ നിരുത്തരവാദപരമായ സമീപനമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം എം ഹസൻ. ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്ത് നിശ്ചലമാണെന്നും സമയബന്ധിതമായി ദുരിതാശ്വാസ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും അടിയന്തര സഹായം പലർക്കും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി ചികിത്സക്ക് പോയതോടെ വിവാദങ്ങളുടെ പ്രളയമാണുണ്ടായതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ താളംതെറ്റിയെന്നും കെ.പി.സി.സി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

ദുരന്തമുണ്ടായപ്പോൾ അനുഭവിച്ച ദുരിതത്തേക്കാൾ കൂടുതലാണ് പുനരധിവാസത്തിൽ ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നത്. പ്രളയബാധിതരിൽ നിന്നും ഉദ്യോഗസ്ഥർ പിരിവ് നടത്തുന്നു. ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചിലവഴിക്കുമെന്ന ഭീതി നിലനിൽക്കുന്നുവെന്നും എം.എം ഹസൻ വ്യക്തമാക്കി.

ഡാം സേഫ്റ്റി അതോറിറ്റി പുനഃസംഘടിപ്പിക്കണം. പ്രളയത്തെക്കുറിച്ച് പഠനം നടത്താൻ
ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണം. റിവർ അതോറിറ്റി സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം സർക്കാർ വേട്ടക്കാരനൊപ്പമാണെന്നും കന്യാസ്ത്രീകളുടെ സമരത്തിന് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും എം.എം ഹസൻ കൂട്ടിച്ചേർത്തു.

https://www.youtube.com/watch?v=BVKeQgBrKiA

MM Hassan
Comments (0)
Add Comment