സി.പി.എം നിലപാട് ശബരിമലയെ വീണ്ടും കലാപഭൂമിയാക്കും: എം.എം ഹസന്‍

Jaihind Webdesk
Thursday, June 13, 2019

M.M-Hassan

സി.പി.എമ്മിന്‍റെ നിലപാടിൽ ശബരിമല വീണ്ടും കലാപഭൂമിയായി മാറുമെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. ജനവിധിയെ പരിഹസിക്കുന്ന തീരുമാനമാണ് സിപിഎമ്മിന്‍റേത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ തന്നെ സി.പി.എമ്മിന്‍റെ അന്ത്യവും സംഭവിക്കുമെന്നും എം.എം ഹസൻ പറഞ്ഞു.

ശബരിമല വിഷയത്തിത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയിലടക്കം സുപ്രീം കോടതി വിധിയുമായി മുന്നോട്ട് പോകുവാനുള്ള സി.പി.എം തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് എം.എം ഹസൻ ഉന്നയിച്ചത്. ജനങ്ങളിൽ വീണ്ടും ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാർട്ടിയാണ് സി.പി.എമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎമ്മിന്‍റെ ഭാവി നഷ്ടപ്പെട്ടു. 2024 ഓടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് സി.പി.എം അപ്രത്യക്ഷമാകുമെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ആലപ്പി എന്നായി സി.പി.എം മാറിയെന്നും എം.എം ഹസന്‍ പരിഹസിച്ചു.

എ.കെ ആന്‍റണിക്കെതിരായ സൈബര്‍ ആക്രമണത്തെ എം.എം ഹസന്‍ നിശിതമായി വിമർശിച്ചു. ഒളിപ്പോര് കൊണ്ട് തകർന്നുപോകുന്നതല്ല എ.കെ ആന്‍റണിയുടെ ആദർശ രാഷ്ട്രീയം. വാടക പോരാളികളെക്കൊണ്ട് നടത്തുന്ന ഒളിപ്പോരാണിതെന്നും കുറ്റക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും എം.എം ഹസൻ പറഞ്ഞു.