സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ വിവാദങ്ങളില്‍ ഖുറാനെ ആദ്യം വലിച്ചിഴച്ചത് മന്ത്രി കെ ടി ജലീല്‍; മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഭരണംമൂലവും മക്കള്‍മൂലവും കഷ്ടകാലം : എം. എം ഹസ്സന്‍

Jaihind News Bureau
Sunday, September 20, 2020

കനകമൂലം കാമിനിമൂലം സര്‍ക്കാരിന്‌ ഇപ്പോള്‍ കഷ്ടകാലമാണെങ്കില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഭരണംമൂലവും മക്കള്‍മൂലവുമാണ്‌ കഷ്ടകാലമെന്നും അതില്‍ നിന്നും രക്ഷപ്പെടാനാണ്‌ മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന വര്‍ഗീയ പ്രചാരണം സി.പി.എം നടത്തുന്നതെന്ന്‌ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ്‌ എം.എം.ഹസ്സന്‍.

സര്‍ക്കാരിനെതിരായ ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാനും ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കാനും പരിശുദ്ധ ഖുറാനെ ഉപയോഗിച്ച മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വിശുദ്ധ മതഗ്രന്ഥത്തെ അവഹേളിക്കുകയും അപമാനിക്കുകയുമാണ്‌ ചെയ്‌തത്‌.

സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശുദ്ധ ഖുറാനെ ആദ്യമായി വലിച്ചിഴച്ച്‌ കൊണ്ടുവന്നതും വിവാദമാക്കിയതും മന്ത്രി കെ.ടി.ജലീലാണ്‌.

വിശുദ്ധമതഗ്രന്ഥത്തിന്‍റെ പേരില്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട്‌ അതിനെ രാഷ്ട്രീയവത്‌കരിച്ചതിന്‌ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മന്ത്രി ജലീലും വിശ്വാസ സമൂഹത്തോടും മതേതരവിശ്വാസികളോടും മാപ്പ്‌ പറയണം.

സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌നയുടെ ഫോണ്‍ കാള്‍ ലിസ്റ്റ്‌ പരിശോധിച്ചപ്പോഴാണ്‌ അവര്‍ക്ക്‌ മന്ത്രി ജലീലുമായുള്ള ബന്ധം കണ്ടെത്തിയത്‌. അതിന്‌ 2020 ജൂലൈ 14 ലെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ ജലീല്‍ നല്‍കിയ മറുപടി കോണ്‍സിലേറ്റ്‌ ജനറലിന്‍റെ നിര്‍ദ്ദേശം അനുസരിച്ച്‌ റംസാന്‍ കിറ്റ്‌ വിതരണവുമായി ബന്ധപ്പെട്ടെന്നാണ്‌. അന്ന്‌ പരിശുദ്ധ ഖുറാന്‍റെ കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. റംസാന്‍ കിറ്റുകളുടെ കാര്യം മാത്രമാണ്‌ അന്ന്‌ മാധ്യമപ്രവര്‍ത്തകരോട്‌ വിശദീകരിച്ചത്‌.

2010 ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്‌ (എഫ്‌.സി.ആര്‍.എ) സെക്ഷന്‍ 3 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അനുവാദമില്ലാതെ വിദേശസഹായം സ്വീകരിച്ചതിലെ മന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘനം അന്വേഷിച്ച്‌ നടപടിയെടുക്കണമെന്ന യു.ഡി.എഫ്‌ കണ്‍വീനര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ജൂലൈ 29 ലെ മന്ത്രിയുടെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റില്‍ റംസാന്‍ കിറ്റുകളോടൊപ്പം ഖുറാനും നല്‍കിയെന്ന്‌ മന്ത്രി വെളിപ്പെടുത്തിയത്‌.

എഫ്‌.സി.ആര്‍.എ ലംഘനത്തിന്‌ മന്ത്രിയുടെ പേരില്‍ നടപടി ആവശ്യപ്പെട്ട യു.ഡി.എഫ്‌ ഒരിടത്തും ഖുറാന്‍ എന്ന വാക്കുപോലും ഉച്ചരിച്ചിട്ടില്ല.

മന്ത്രി ജലീല്‍ നടത്തിയത്‌ അഞ്ചുകൊല്ലം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌. അതില്‍ നിന്ന്‌ രക്ഷനേടാനാണ്‌ ജലീല്‍ ഖുറാന്‍റെ പേര്‌ ദുരുപയോഗം ചെയ്‌തത്‌. ഖുറാന്‍ വിവാദമുണ്ടാക്കി മന്ത്രിക്ക്‌ രക്ഷപെടാനാകില്ല.

കോണ്‍സിലേറ്റ്‌ ജനറല്‍ മന്ത്രി ജലീലിനെ റംസാന്‍ കിറ്റും ഖുറാനും വിതരണത്തിന്‌ ഏല്‍പ്പിച്ചെന്ന്‌ പറയുന്നതും തെറ്റാണ്‌. ജലീല്‍ കോണ്‍സുലേറ്റ്‌ ജനറലിനോട്‌ ചോദിച്ച്‌ വാങ്ങിയതാണ്‌ ഇവ. അതിനെ കുറിച്ച്‌ അന്വേഷണം വരുമെന്ന ഭയം കൊണ്ടാണ്‌ മതചിഹ്നങ്ങളെ ഉയര്‍ത്തിക്കാട്ടി പ്രതിരോധം തീര്‍ക്കാന്‍ മന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്‌.

നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മന്ത്രിയെ സാക്ഷിയായി വിളിച്ചെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. സാക്ഷിയായിട്ടാണ്‌ പോയിരുന്നതെങ്കില്‍ മന്ത്രി എന്തിനാണ്‌ തലയില്‍ മുണ്ടിട്ട്‌ അന്വേഷണ ഏജന്‍സികള്‍ക്ക്‌ മുന്നില്‍ ഹാജരായത്‌. കൊച്ചുവെളുപ്പാന്‍കാലത്തും അര്‍ധരാത്രിയിലും മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച്‌ ഹാജരാകുന്ന മന്ത്രി അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പ്രതിയാകില്ലെന്ന്‌ മുഖ്യമന്ത്രിക്ക്‌ ഉറപ്പുപറയാന്‍ കഴിയുമോ?

എല്ലാ കുറ്റകൃത്യങ്ങളിലും പ്രതികള്‍ സാക്ഷികള്‍ കൂടിയാണെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്‌.

മുങ്ങാന്‍ പോകുന്ന കപ്പലിനെ രക്ഷിക്കാനുള്ള അവസാനത്തെ അടവാണ്‌ ഇപ്പോള്‍ സി.പി.എം നടത്തുന്ന വര്‍ഗീയ പ്രചരണം.

യു.ഡി.എഫിന്‍റേത്‌ ഖുറാന്‍ വിരുദ്ധ സമരമാണെന്ന കോടിയേരിയുടെ പ്രസ്‌താവനയും യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്നാണ്‌ സമരം നടത്തുന്നതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായവും സ്ഥിരബുദ്ധിയുള്ള ഒരാളും വിശ്വസിക്കില്ല.

ഖുറാന്‍റെ സംരക്ഷകരായി ചമഞ്ഞ്‌ കോടിയേരിയും പിണറായിയും സംസാരിക്കുമ്പോള്‍ ചെകുത്താന്‍ വേദം ഓതുന്നത്‌ പോലെയാണ്‌ തോന്നുന്നതെന്നും ഹസ്സന്‍ പറഞ്ഞു.