കശ്മീര്‍: കേന്ദ്രസര്‍ക്കാര്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്നു – എം.എം. ഹസ്സന്‍

Jaihind Webdesk
Wednesday, August 7, 2019

മോദി – അമിത് ഷാ ഭരണം കശ്മീരില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തത് എലിയെ പേടിച്ച് ഇല്ലം ചുടുന്നപോലെയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍. മുസ്ലിംകള്‍ മാത്രമല്ല ഹിന്ദുക്കളും മറ്റ് നാനാ ജാതി മതസ്ഥരും ഉള്‍പ്പെടുന്ന ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റാനും അവര്‍ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണ സംരക്ഷണവും സുരക്ഷിതത്വും നല്‍കാനും നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ നല്‍കിയ ഉറപ്പാണ് ഭരണഘടനയുെ 370, 35 എ വകുപ്പുകള്‍ എന്നാല്‍ ഇതിനെ ഇല്ലായ്മ ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ മരണമണി മുഴക്കമാണ് പാര്‍ലമെന്റില്‍ കേട്ടത്. മുത്തലാഖ് നിയമം, വിവരാവകാശ നിയമം, യു.എ.പി.എ ഭേദകതി തുടങ്ങീ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന ഏകീകൃത സിവില്‍ നിയമം തുടങ്ങിയവ ഫാഷിസ്റ്റ് യാത്രയിലേക്കുള്ള നാഴിക കല്ലകളാണെന്നും എം.എം. ഹസ്സന്‍ അഭിപ്രായപ്പെട്ടു.

മുന്‍ കെ പി സി സി  പ്രസിഡന്റ് എം എം ഹസ്സന്റെ ഫേസ്ബുക് പോസ്റ്റ്

എലിയെ പേടിച്ച് ഇല്ലം ചുടുന്നു……

എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണ് മോഡി അമിത്ഷാ ഭരണം കാശ്മീരില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തത് .
വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിഛേദിച്ചും ജനനേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയും നിയമസഭാ പിരിച്ചുവിട്ടും രാഷ്ട്രീയ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചും അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകരെ ഭയപെടുത്തികൊണ്ട് നുണപ്രചാരണങ്ങള്‍ നടത്തിയും അമ്പതിനായിരത്തോളം പട്ടാളക്കാരെ വിന്യസിച്ചും കാശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചും അടിയന്താരാവസ്ഥ നടപ്പാക്കിയാണ് അമിത്ഷാ കശ്മീരിലെ തുണ്ടം തുണ്ടം ആക്കിയത്.

എന്തിനായിരുന്നു അമിത്ഷാ ഇ അതിക്രമങ്ങള്‍ കാട്ടിയതും അമിതാധികാരം പ്രയോഗിച്ചതും? ഇന്ത്യന്‍ ഭരണഘടനാ കശ്മീരിനും നല്‍കിയ പ്രത്യേക അധികാരങ്ങളും അവകാശങ്ങളും ഉള്‍കൊള്ളുന്ന 370 ,35A വകുപ്പുകള്‍ റദ്ദാക്കാന്‍ ആയിരുന്നു ഈ സാഹസം .

ഇന്ത്യ വിഭജന കാലത്ത് കാഷ്മീരിലെ മഹാരാജാവ് ഹരി സിംഗ് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ലയിക്കാതെ സ്വതന്ത്ര നാട്ടുരാജ്യമായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശമായ കാശ്മീര്‍ പാക്കിസ്ഥാനില്‍ ലയിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അന്നത്തെ പ്രധാന മന്ത്രി നെഹ്രുവിനും ആഭ്യന്തര സര്‍ദാര്‍ പട്ടേലിനും നല്ല ബോധ്യമുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വരാവുന്ന അപകടങ്ങളും ഇന്ത്യയുടെ അഖണ്ഡതയ്ക്കു ഉണ്ടാകുന്ന ഭീഷണികളും കണക്കിലെടുത്ത് ദീര്‍ഘവീക്ഷണത്തോടെ നെഹ്റു നടത്തിയ നയതന്ത്ര പരമായ ഇടപെടലുകളാണ് രാജാ ഹരിസിംഗിനെ ഇന്ത്യന്‍ യുണിയനോടൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന ചരിത്ര വസ്തുത ബിജെപി സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ് .

മുസ്ലിങ്ങള്‍ മാത്രമല്ല ഹിന്ദുക്കളും മാറ്റ് നാനാ ജാതി മതസ്ഥരും ഉള്‍പ്പെടുന്ന ജമ്മുകാശ്മീരിലെ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റാനും അവര്‍ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണ സംരക്ഷണവും സുരക്ഷിതത്വവും നല്‍കാനും നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ നല്‍കിയ ഉറപ്പാണ് ഭരണഘടനയുടെ 370 ,35A വകുപ്പുകള്‍

ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങള്‍ ആയ ഗോവ, ഡാമന്‍ ഡ്യൂ, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയ സ്ഥലങ്ങളിലും കശ്മീരിനു നല്‍കിയതിന് സമാനമായ പ്രത്യേക അവകാശങ്ങളും അധികാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു . അതൊന്നും പിന്‍വലിക്കില്ല എന്ന് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പറഞ്ഞ അമിത്ഷാ ഇപ്പോള്‍ കശ്മീരിനും നല്‍കിയ പ്രത്യേക പദവി മാത്രം കവര്‍ന്ന് എടുക്കുന്നതിന്റെ കാരണം രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് അറിയാം .

രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനും ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനും കശ്മീരിലെ ഭീകരവാദികളെ സഹായിക്കുവാനും അവിടുത്തെ സമാധാന ജീവിതം തകര്‍ത്ത് കശ്മീരിനെ അശാന്തിയുടെ താഴ്വരയാക്കി മാറ്റാനും മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി ഇടവരുത്തുകയുള്ളു .

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യ എന്ന ദേശാഭിമാനികളുടെ അഭിമാന ബോധത്തെ തകര്‍ക്കാനാണ് അമിത്ഷാ കാശ്മീരിന്റെ തലയും കാലും വെട്ടിമുറിച്ച് വികലമാക്കിയിരിക്കുന്നത്.

ഭരണഘടനാ ഭേദഗതി ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നടപ്പാക്കിയ ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഭരണഘടനയെ തന്നെ കൈയിലിട്ട് അമ്മാനം ആടുകയാണ് .

ജനാധിപത്യത്തിന്റെ മരണമണി മുഴക്കമാണ് പാര്‍ലമെന്റില്‍ കേട്ടത്. ഇന്ത്യയില്‍ ഫാസിസ്റ്റു ഭരണം സ്ഥാപിതമായിക്കഴിഞ്ഞു . കാശ്മീരില്‍ നിന്നും ആരംഭിക്കുന്ന ഫാസിസ്റ്റു ജൈത്ര യാത്ര അയോധ്യയില്‍ ആണ് അവസാനിക്കുവാന്‍ പോകുന്നത് .മുത്തലാക്ക് നിയമം, വിവരാവകാശ നിയമം, UAPA ഭേദഗതി, അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന ഏകീകൃത സിവില്‍ നിയമം തുടങ്ങിയവ ഫാസിസ്റ്റു യാത്രയിലേക്കുള്ള നാഴികക്കല്ലുകളാണ്