ഐഷ സുല്‍ത്താനയുടെ പോരാട്ടത്തിന് ധാർമ്മിക പിന്തുണ പ്രഖ്യാപിച്ച് എം.എം ഹസൻ

 

ലക്ഷദ്വീപ് അഡ്മിസ്ട്രേറ്ററുടെ ജനദ്രോഹ നടപടിക്കെതിരെ പ്രതികരിച്ച ഐഷ സുല്‍ത്താനയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. രാജ്യത്തിനെതിരെ യാതൊരു പരാമര്‍ശവും നടത്തിയില്ല എന്നിരിക്കെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നത് എങ്ങനെയാണെന്ന് എം.എം ഹസന്‍ ചോദിച്ചു. നിയമവിദഗ്ധരുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ കേസ് നിലനില്‍ക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഐഷയുടെ പോരാട്ടത്തിന് ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ച എം.എം ഹസന്‍ രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ എന്തു നിയമ സഹായവും നല്‍കാന്‍ സന്നദ്ധനാണെന്ന് അറിയിക്കുന്നതായും പ്രസ്താവനയില്‍ അറിയിച്ചു.

എം.എം ഹസന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം :

 

ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ത്തുകൊണ്ട് ദ്വീപില്‍ സംഘപരിവാര്‍ രാഷ്ട്രീയം നടപ്പിലാക്കാന്‍ ശ്രമിച്ച അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ രാജ്യമെങ്ങും ഉയര്‍ന്ന പ്രതിഷേധത്തിലും പ്രക്ഷോഭത്തിലും ജനങ്ങള്‍ക്ക്‌ ആവേശം നല്‍കിയ ഉജ്ജ്വല ശബ്ദമായിരുന്നു യുവ ചലച്ചിത്ര സംവിധായകയും സാമൂഹിക പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയുടേതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.

തന്‍റെ ജന്മനാട്ടില്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്താനും, ദ്വീപിനെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാനും ശ്രമിച്ച നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അഡ്മിനിസ്ട്രേറ്ററുടെ ഭ്രാന്തന്‍ പരീക്ഷണങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍, ദ്വീപില്‍ ജനിച്ചുവളര്‍ന്ന ഐഷ സുല്‍ത്താനയെ മുന്നണിപ്പോരാളിയായി കണ്ടപ്പോള്‍, രാജ്യത്താകെയുള്ള ജനാധിപത്യ മതേതരത്വ വിശ്വാസികള്‍ക്ക് അഭിമാനം തോന്നി.

ആ ധീരയായ യുവതിക്കെതിരെ ദ്വീപിലെ പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

കോവിഡ് പ്രോട്ടോക്കോളില്‍ ഇളവു നല്‍കി ദ്വീപില്‍ രോഗവ്യാപനത്തിന് കാരണക്കാരനായതിനാലാണ് അഡ്മിനിസ്ട്രേറ്റര്‍ കൊറോണ വൈറസിനെ ‘ജൈവായുധ’മായി ഉപയോഗിച്ചുവെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്ന് ഐഷ സുല്‍ത്താന വിശദീകരിച്ചിട്ടുണ്ട്.

രാജ്യത്തിനെതിരായോ, കേന്ദ്ര ഗവണ്‍മെന്‍റിനെതിരായോ ഒന്നും പറഞ്ഞിട്ടില്ലെന്ന് ചാനല്‍ ചര്‍ച്ച കേട്ടവര്‍ക്കെല്ലാമറിയാം. അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ധീരമായി പ്രതികരിച്ചാല്‍ അത് എങ്ങനെ രാജ്യദ്രോഹക്കുറ്റമാകുമെന്ന് മനസ്സിലാവുന്നില്ല.

അക്രമത്തിന് പ്രേരണ നല്‍കാതെ, ഗവണ്‍മെന്‍റിനെ എത്ര കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാലും അതിനെ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് പത്രപ്രവര്‍ത്തകനായ വിനോദ് ദുവയുടെ കേസില്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ട് അധികനാളായില്ല.

വിനോദ് ദുവയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടം ചാര്‍ജ്ജ് ചെയ്ത എഫ്.ഐ.ആര്‍. സുപ്രീം കോടതി റദ്ദാക്കിയത് ദ്വീപിലെ ഫാഷിസ്റ്റ് ഭരണാധികാരി ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

തനിയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള കേസ് കള്ളക്കേസാണെന്നും, അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞത് ഇന്ന് മാധ്യമങ്ങളില്‍ വായിച്ചു. എഫ്.ഐ.ആര്‍.റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

ഈ വാര്‍ത്ത‍ വായിച്ചപ്പോള്‍ ഞാന്‍ എന്‍റെ ഉത്തമ സുഹൃത്തും, ലോയേഴ്സ് കോണ്‍ഗ്രസ്സിന്‍റെ പ്രസിഡന്‍റും, മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും, ഹൈക്കോടതിയിലെ പ്രഗല്ഭനായ അഭിഭാഷകനുമായ അഡ്വ. ആസഫലിയുമായി ഈ കേസിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ഈ കേസിലെ എഫ്.ഐ.ആര്‍. വായിച്ചശേഷം എന്നോടു പറഞ്ഞത്; “ഇത് കള്ളക്കേസാണെന്നും, നിലനില്‍ക്കില്ലെന്നു”മാണ്.

സംഘപരിവാറിനെതിരെയും അവരുടെ അജണ്ട നടപ്പാക്കുന്ന ലക്ഷദ്വീപിലെ ജനദ്രോഹിയായ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെയും ഐഷ സുല്‍ത്താന നടത്തുന്ന ധീരമായ പോരാട്ടത്തിന് എന്‍റെ ധാര്‍മ്മിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.

നിര്‍ഭയയായ യുവ സഹോദരിയുടെ നിയമ പോരാട്ടത്തിന്, ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ എന്തു നിയമ സഹായവും നല്‍കാന്‍ സന്നദ്ധനാണെന്ന് അവരെ ഇതിലൂടെ അറിയിക്കാനുമാഗ്രഹിക്കുന്നെന്നും എം എം.ഹസൻ പറഞ്ഞു.

 

Comments (0)
Add Comment