കൊവിഡ്-19: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ ആശങ്കയെന്ന് എം.എം ഹസന്‍

Jaihind News Bureau
Monday, March 23, 2020

M.M-Hassan-8

കൊവിഡ്-19 എന്ന മഹാമാരിയെ നേരിടാനും അതിന്‍റെ സാമൂഹ്യവ്യാപനം തടയാനും തീവ്രപരിശ്രമം നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്ക വളര്‍ത്തുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍. ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന എന്‍.പി.ആര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാരും മദ്യശാലകള്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകുന്നില്ലെന്നത് ജനങ്ങള്‍ക്ക് വലിയ അമര്‍ഷം സൃഷ്ടിക്കുന്ന നടപടികളാണ്. കൊവിഡിന്‍റെ സാമൂഹ്യ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആത്മാര്‍ത്ഥതയില്‍ സംശയമുളവാക്കുന്നതാണെന്നും എം.എം ഹസന്‍ പറഞ്ഞു.

കൊവിഡിനെതിരെ ഒരുമിച്ച് നില്‍ക്കാമെന്ന് കേരള സര്‍ക്കാര്‍ പറയുമ്പോഴും യുവ മാധ്യമപ്രവര്‍ത്തകനെ മദ്യപിച്ച് വാഹനമോടിച്ച് ഇടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ തിരിച്ചെടുത്തതിലൂടെ സമൂഹ്യവ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഐക്യം തന്നെ തകര്‍ക്കുന്ന നടപടിയാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി ഉടന്‍ റദ്ദ് ചെയ്യണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വരുമാനം ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ വരുമാന നേട്ടത്തിനായി മദ്യശാലകള്‍ അടയ്ക്കാത്ത നടപടിയിലൂടെ രോഗത്തിന്‍റെ സമൂഹവ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്‍റെ ആത്മാര്‍ത്ഥത വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുമെന്ന് പറയാന്‍ പ്രധാനമന്ത്രി തയാറാകാത്തതിന് പിന്നില്‍ ഗൂഢ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും എം.എം ഹസന്‍ ആവശ്യപ്പെട്ടു.

teevandi enkile ennodu para