തിരുവനന്തപുരം: ദുഃഖവെള്ളിയും ഈസ്റ്ററും പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടി ന്യൂനപക്ഷ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്. ഇതു സംബന്ധിച്ച് ബിജെപി കേരള ഘടകവും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രതികരിക്കണം.
മണിപ്പൂരില്‍ അനേകം ക്രൈസ്തവരെ കൊന്നൊടുക്കുകയും പള്ളികള്‍ ചാമ്പലാക്കുകയും ചെയ്തിട്ടും അവിടേക്ക് ഇതുവരെ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും അബുദാബിയില്‍ ക്ഷേത്ര ഉദ്ഘാടനത്തിനും സമയം കണ്ടെത്തി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭരണകൂടമാണ് വേണ്ടതെന്ന് പറയുന്ന പ്രധാനമന്ത്രി അതൊന്നും പ്രാവര്‍ത്തികമാക്കുന്നില്ല. മണിപ്പൂരില്‍ ദുഃഖവെള്ളിയും ഈസ്റ്ററും പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ച നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇതു പിന്‍വലിക്കാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.