മഹാമാരി സൃഷ്ടിച്ച ദുരിതത്തിനിടയില്‍ ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസ്സന്‍. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ പെട്രോളിന് 3.32 രൂപയും ഡീസലിന് 3.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡോയിലിന് ബാരലിന് 30 ഡോളറില്‍ താഴെമാത്രം വിലയുള്ളപ്പോഴാണ് മോദി സര്‍ക്കാരിന്റെ ഈ ഇരുട്ടടി. എണ്ണവില വരും ദിവസങ്ങളില്‍ ഇനിയും വര്‍ധിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം.
എണ്ണകമ്പനികളുടെ മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ വര്‍ധിപ്പിക്കാനെന്ന പേരിലാണ് ഈ വില വര്‍ധിപ്പിക്കുന്നത്. പകല്‍ക്കൊള്ളയാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വരുമാനവും തൊഴിലും നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പകരം ദുരിതകയത്തില്‍ അവരെ മുക്കിക്കൊല്ലുകയാണ് മോദി സര്‍ക്കാര്‍.വര്‍ധിപ്പിച്ച ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ജനങ്ങളുടെ രോഷാഗ്നിയില്‍ മോദിയും കേന്ദ്രസര്‍ക്കാരും വെന്തുവെണ്ണീറാകുമെന്നും ഹസ്സന്‍ പറഞ്ഞു.