ജോസഫൈന് അധ്യക്ഷ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല, പ്രസ്താവന സി.പി.എം നയത്തിന് യോജിക്കുന്നത്: എം.എം.ഹസ്സന്‍

Jaihind News Bureau
Sunday, June 7, 2020

 

രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ കൊലക്കത്തി നല്‍ക്കുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന സി.പി.എം നയത്തിന് പൂര്‍ണ്ണമായും യോജിക്കുന്ന പ്രസ്താവനയാണ് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി  ജോസഫൈന്‍ നടത്തിയതെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം.ഹസ്സന്‍.

സി.പി.എം ഒരേസമയം പൊലീസും  കോടതിയുമാണെന്ന ജോസഫൈന്‍റെ  പ്രസ്താവനയെ പരോക്ഷമായി പിന്തുണയ്ക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  നിലപാട് നീതിന്യായവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും എതിരാണ്. പാടത്ത് ജോലിയും വരമ്പത്ത് കൂലിയും നല്‍കുന്ന പാര്‍ട്ടി സെക്രട്ടറിക്ക് എങ്ങനെ ജോസഫൈനെ തള്ളിക്കളയാനാകുമെന്നും ഹസ്സന്‍ ചോദിച്ചു.

വിചാരണയും ശിക്ഷയും നടപ്പിലാക്കുന്ന പാര്‍ട്ടി സംവിധാനമുള്ളപ്പോള്‍ പാര്‍ട്ടിക്കാരുടെ പേരിലുള്ള പരാതികള്‍ വനിത കമ്മീഷന്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് പറയുന്ന ജോസഫൈന് ചെയര്‍പേഴ്‌സണ്‍ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയേയും തള്ളിപ്പറഞ്ഞ ജോസഫൈനെ എത്രയും വേഗം തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.