കൊലപാതകം അപലപനീയം ; കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല ; എംഎം ഹസ്സന്‍

കണ്ണൂർ : കണ്ണൂരില്‍ കൂത്തുപറമ്പ് പുല്ലുക്കരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ പാറാല്‍ മന്‍സൂറിനെ വെട്ടിക്കൊന്ന സിപിഎം നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം ഒരിക്കലും തയ്യാറാകുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. അരിയല്‍ ഷുക്കൂറിനെയും മട്ടന്നൂരില്‍ ഷുഹൈബിനെയും പെരിയയില്‍ കൃപേഷിനെയും, ശരത്‌ലാലിനെയും കൊലപ്പെടുത്തിയത്‌ പോലെ മൃഗീയമായിട്ടാണ് കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ അച്ഛന്‍റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണിത്.സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട ശേഷമാണ് സിപിഎം ഈ കൊലപാതകം നടത്തിയത്.

പോലീസിന്‍റെ അലംഭാവമാണ് മന്‍സൂറിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്. പരാജയഭീതി കൊണ്ട് മാത്രം സിപിഎം രാഷ്ട്രീയ പ്രതിയോഗികളെ അരുംകൊല ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ദയനീയമായി പരാജയപ്പെടുമ്പോള്‍ സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിടും. ഇത് തടയാന്‍ പോലീസ് കൂടുതല്‍ ജാഗ്രതപാലിക്കണം. മന്‍സൂറിന്‍റെ കൊലപാതികളെ എത്രയും വേഗം പിടികൂടണമെന്നും കേസ് അട്ടിമറിക്കാന്‍ പോലീസ് കൂട്ടുനിന്നാല്‍ ശക്തമായ പ്രക്ഷോഭം യുഡിഎഫ് സംഘടിപ്പിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

Comments (0)
Add Comment