ഉത്തരമുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുംപോലെയാണ് മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും പ്രതികരണം: എം.എം.ഹസ്സന്‍

Jaihind News Bureau
Wednesday, April 8, 2020

MM-Hassan-PP

 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്‍റെ വീഴ്ചകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷനേതാക്കളുടെ അഭിപ്രായങ്ങളോട് അസഹിഷ്ണുതയും പക്വതയില്ലാത്തതുമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സന്‍. മഹാമാരായിയെ നേരിടുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച്ചകളും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടും പ്രയാസങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതിന് മറുപടി പറയാതെ സങ്കുചിതമായ രാഷ്ട്രീയതാല്‍പ്പര്യത്തോടെയാണ് ഇരുവരും പ്രതികരിച്ചത്.

ദുരന്തസമയത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശാലമനസ്ഥിതിയോടെ എല്ലാ സഹായങ്ങളും പ്രതിപക്ഷം വാഗ്ദാനം ചെയ്തിട്ടും ഒരു സ്‌റ്റേറ്റ്മാന്‍റെ നിലയിലേക്ക് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. ഒരു സാധാരണ സഖാവിന്‍റെ തലത്തില്‍ നിന്നാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുമ്പോള്‍ പ്രതിപക്ഷം ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് പരാതി പറയുന്ന കോടിയേരി ബാലകൃഷ്ണന്‍റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അമിതമായി രാഷ്ട്രീയവത്ക്കരിച്ച് ഐക്യം തകര്‍ക്കുന്ന നടപടികള്‍ നടത്തുന്നത്.

തദ്ദേശതലത്തില്‍ രൂപികരിച്ച സന്നദ്ധ പ്രവര്‍ത്തകരില്‍ ഏറിയകൂറും ഡി.വൈ.എഫ്.ഐക്കാരെ കുത്തിക്കയറ്റി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രജിസ്റ്റര്‍ ചെയ്യാനനുവദിക്കാതിരുന്നതും മുഖ്യന്റെയും കോടിയേരിയുടെയും പാര്‍ട്ടിക്കാര്‍ തന്നെയാണ്. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം അട്ടിമറിച്ചതിന് ഉത്തരവാദികള്‍ സി.പി.എമ്മുകാരല്ലെന്ന് കോടിയേരിക്ക് നിഷേധിക്കാനാകുമോ?

സൗജന്യ റേഷന്‍ തട്ടിപ്പിലെ പൊള്ളത്തരം പൊളിച്ചടക്കിയതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ആരോഗ്യപ്രവര്‍ത്തകരേയും പോലീസുകാരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തിനും മുഖ്യമന്ത്രിക്കും കോടിയേരിക്കും മറുപടിയില്ല. ലോക് ഡൗണ്‍ പിന്‍വലിക്കുന്നകാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായം തേടാന്‍ പ്രധാനമന്ത്രി തയ്യാറാകുമ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി അത്തരമൊരു നിലപാടെടുക്കാനുള്ള ജനാധിപത്യ മര്യാദ കാണിക്കുന്നില്ലെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ പ്രതിപക്ഷം ചൂണ്ടികാണിക്കുമ്പോള്‍ അതിന് മറുപടി പറയാന്‍ മുഖ്യമന്ത്രിക്കാവുന്നില്ല. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തുന്ന പ്രതികരണങ്ങളിലൂടെ പ്രകടമാകുന്നതെന്നും ഹസ്സന്‍ പരിഹസിച്ചു.