കേന്ദ്രത്തിന്‍റേത് കുത്തക മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ആശ്വസം നല്‍കുന്ന പാക്കേജ്, കര്‍ഷകരെയും തൊഴിലാളികളെയും തഴഞ്ഞു: എം.എം ഹസ്സന്‍

രാജ്യത്തിന്‍റെ ഭൂമിയും ആകാശവും സ്വാകര്യ കുത്തകമുതാളിമാര്‍ക്ക് തീറെഴുതി കൊടുത്തതല്ലാതെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് ഒരു പ്രയോജനവുമില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസ്സന്‍.

തന്ത്രപ്രധാനമായ പ്രതിരോധ-ബഹിരാകാശ-ആണവ-വ്യോമയാന-ഖനന മേഖലകളില്‍ വന്‍ തോതില്‍ വിദേശനിക്ഷേപത്തിന് കളമൊരുക്കുകയാണ് സാമ്പത്തിക പാക്കേജിലൂടെ കേന്ദ്ര സര്‍ക്കാര്‍. സ്വദേശീവത്കരണവും സ്വാശ്രയത്വവും കൈവരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ തന്നെ സൈനിക സാമഗ്രികളുടെ നിര്‍മ്മാണ രംഗത്ത് പ്രത്യക്ഷ വിദേശനിക്ഷേപ തോത് 49 ശതമാനത്തില്‍ നിന്നും 74ലായി വര്‍ധിപ്പിച്ചു.ഇത് രാജ്യത്തിന്റെ പരാശ്രയത്വവും വിദേശകുത്തക മൂലധന ശക്തികളുടെ സ്വാധീനവും വര്‍ധിപ്പിക്കുന്നതാണെന്നും ഹസ്സന്‍ പറഞ്ഞു.

ഉപഗ്രഹവിക്ഷേപണം മുതല്‍ ബഹിരാശ വിനോദയാത്രവരെ സ്വാര്യമേഖലയ്ക്കായി തുറന്നിട്ടു. ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടങ്ങള്‍ നേടിത്തന്ന ഐ.എസ്.ആര്‍.ഒയെവരെ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. ധാതു-കല്‍ക്കരി ഖനികള്‍ സ്വകാര്യകുത്തകള്‍ക്ക് ലാഭം കൊയ്യാന്‍ വിട്ടുനല്‍കി.

ലോക്ക് ഡൗണിനെതുടര്‍ന്ന് പട്ടിണിയും തൊഴിലില്ലായ്മയും കൊണ്ട് ദുരിതത്തിലായ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും 5000 രൂപ നേരിട്ട് അവരുടെ കൈകളിലെത്തിക്കുന്ന ആശ്വാസപദ്ധതി പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം മോദി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. പകരം കുത്തക മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മാത്രം ആശ്വസം നല്‍കുന്ന സാമ്പത്തിക പാക്കേജാണ് കേന്ദ്രം അവതരിപ്പിച്ചത്. സാധാരണ ജനങ്ങള്‍ക്ക് ഒരു ഗുണവും ഈ സാമ്പത്തിക പാക്കേജ് കൊണ്ടില്ലെന്നും ഹസ്സന്‍ പറഞ്ഞു.

Comments (0)
Add Comment