പ്രവാസികളുടെ മടക്കം: നോര്‍ക്ക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് എം.എം.ഹസ്സന്‍

Jaihind News Bureau
Thursday, June 25, 2020

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍. പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ യു.ഡി.എഫ് സംഘടിച്ചിച്ച ധര്‍ണ്ണ ഉള്ളൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രവാസി സംഘടനകള്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടര്‍വിമാനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ തുരങ്കം വയ്ക്കുന്നു.നാട്ടിലെത്താന്‍ കഴിയാതെ കുടുങ്ങികിടക്കുന്ന പ്രവാസികള്‍ക്ക് ഒരു കുപ്പി വെള്ളം പോലും നല്‍കാന്‍ നോര്‍ക്ക തയ്യാറാകുന്നില്ല. നോര്‍ക്കയുടെ വാര്‍ഷിക ബജറ്റ് ചാര്‍ട്ടര്‍ വിമാനങ്ങളുടെ ചെലവിനായി ഉപയോഗിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

പ്രവാസികളുടെ മടങ്ങിവരവ് തുടക്കം മുതല്‍ തടസ്സപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസും പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുത്തില്ല. ഇപ്പോള്‍ അതില്‍ ഇളവ് വരുത്തി പപിഇ കിറ്റ് മതിയെന്ന നിലപാട് മുഖം രക്ഷിക്കാനുള്ള തന്ത്രമാണ്. വിദേശത്ത് കോവിഡ് പിടിപ്പെട്ട് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോണ്‍സണ്‍ ജോസഫ്,ഗോപകുമാര്‍,ചെമ്പഴന്തി അനില്‍,നാദിറാ സുരേഷ്,അഭിലാഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.