സ്വന്തമായി കാറുമില്ല ഡ്രൈവറുമില്ല ; സുഹൃത്തുക്കളുടെ വാഹനങ്ങളെ ആശ്രയിച്ച് സിആർ മഹേഷ് എംഎല്‍എ

കൊല്ലം : സ്വന്തമായി വാഹനമില്ലാതെ ജനസേവനം നടത്തുകയാണ് കരുനാഗപള്ളി എംഎൽഎ  സിആർ മഹേഷ്. സ്വന്തമായി കാറും ഡ്രൈവറും ഇല്ലാത്തതിനാൽ സുഹൃത്തുക്കളുടെ കാറിലാണ് അദ്ദേഹത്തിന്‍റെ യാത്ര.

കാറില്ലെങ്കിലും എംഎൽഎ എന്നെഴുതിയ രണ്ടു ചെറുബോർഡുകൾ എപ്പോഴും സിആർ കൈയില്‍ കരുതും. നേരത്തേ നിശ്ചയിച്ചുറപ്പിച്ച സുഹൃത്തുക്കൾ കാറുമായി വീട്ടിലെത്തുമ്പോൾ, എംഎൽഎ എന്നെഴുതിയ ബോർഡുകൾ വാഹനത്തിന്‍റെ മുന്നിലും പിന്നിലും വെച്ചാണ് യാത്ര.

വാഹനം മാറേണ്ടി വരുന്ന സമയത്ത്  എംഎൽഎ ബോർഡും കൈയിലെടുക്കും. സമയത്ത് കാർ എത്തിയില്ലെങ്കില്‍ ഓട്ടോറിക്ഷയാണ് ആശ്രയം. ചിലപ്പോൾ സുഹൃത്തുക്കളുടെ ബൈക്കിന്‍റെ പിന്നിലിരുന്നാണ് യാത്ര.

നിയമസഭാ സാമാജികർക്ക് കാറുവാങ്ങാൻ വായ്പ ലഭിക്കും. വായ്പയെടുത്ത് ചെറു കാറുവാങ്ങാൻ തീരുമാനിച്ചതാണ്. അപ്പോഴാണ് ഭാര്യാപിതാവും തന്‍റെ സഹോദരനും അകാലത്തിൽ മരിച്ചത്. ഇതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്വംകൂടി ഏറ്റെടുത്തു.

വായ്പയെടുത്ത് കാറ്‌ വാങ്ങിയാൽ എല്ലാമാസവും നല്ലൊരു തുക തിരിച്ചടവുവരും. കടബാധ്യതയും മറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ അത്‌ ബുദ്ധിമുട്ടാകും. അനുകൂലസാഹചര്യം വരുമ്പോൾ കാർ വാങ്ങണം. അതുവരെ സുഹൃത്തുക്കളുടെ കാറുകളിൽ യാത്രതുടരും -മഹേഷ് പറയുന്നു.

മഹേഷിന്‍റെ അമ്മയുടെ പേരിലെടുത്ത വായ്പയ്ക്ക് കഴിഞ്ഞവർഷം സഹകരണബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു.

Comments (0)
Add Comment