എം.കെ രാഘവന്‍റെ പടയോട്ടത്തില്‍ ഉലഞ്ഞ് സി.പി.എം ക്യാമ്പ്

കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍റെ കനത്ത ഭൂരിപക്ഷം സി.പി.എം ജില്ലാ കമ്മിറ്റിയിൽ സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധി. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ പ്രദീപ്‌ കുമാർ എം.എൽ.എയുടെ നോർത്ത് നിയോജക മണ്ഡലത്തിൽ പോലും നേരിട്ട തിരിച്ചടി ദേശീയ രാഷ്ട്രീയത്തിന്‍റെ പേരിൽ മറച്ചുവെക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

വ്യാജ ആരോപണങ്ങൾ ഉയർത്തി സി.പി.എമ്മും പോലീസും എം.കെ രാഘവനെ പ്രതിക്കൂട്ടിലാക്കിയപ്പോൾ നേട്ടം സി.പി.എമ്മിനാകുമെന്ന കണക്കു കൂട്ടലിൽ ആയിരുന്നു സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി. എന്നാൽ മൂന്നാം തവണയും എം.കെ രാഘവൻ കോഴിക്കോട് മണ്ഡലം നേടിയെടുത്തു എന്നുമാത്രമല്ല, കഴിഞ്ഞ തവണ ലഭിച്ച 16,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിന്നു ബഹുദൂരം മുന്നോട്ടു പോയി എന്നതും സി.പി.എമ്മിന് തിരിച്ചടിയായി.

വ്യക്തിഹത്യയിലൂടെ എം.കെ രാഘവനെ നേരിടാൻ ശ്രമിച്ച സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് എക്കാലവും സി.പി.എമ്മിന്‍റെ കോട്ടകളായ കുന്ദമംഗലം എലത്തൂർ ബേപ്പൂർ നിയോജക മണ്ഡലങ്ങളിൽ പോലും നേരിട്ടത്. അതിനേക്കാളേറെ പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് എം.എൽ.എ, എ പ്രദീപ്‌ കുമാറിന്‍റെ മണ്ഡലത്തിൽ പോലും അദ്ദേഹത്തിന് കനത്ത തോൽവി സംഭവിച്ചു എന്ന യാഥാർഥ്യമാണ്.

ചരിത്രം കണ്ട ഏറ്റവും തോൽ‌വിയിൽ എത്തിനിൽക്കുമ്പോഴും അത് മറച്ചുവെച്ച് രാജ്യത്ത് കോൺഗ്രസ് പ്രതിസന്ധി നേരിടുകയാണ് എന്നത് ഉയർത്തിക്കാട്ടി ഒളിച്ചോടാനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ ഭാരവാഹികൾ. ചെങ്കോട്ടകൾ തകർന്നു വീണതിന്‍റെ കാരണം ബി.ജെ.പിക്കെതിരെയുള്ള മതനിരപേക്ഷ സമൂഹത്തിന്‍റെ പ്രതിഷേധമാണ് എന്നുകൂടി പറഞ്ഞു വെക്കുമ്പോൾ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മറച്ചുവെക്കുന്നതും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.എമ്മിന് സംഭവിച്ച വലിയ പാളിച്ചകളാണ്.

m.k raghavan
Comments (0)
Add Comment