കൊവിഡ്: വല്ലാർപാടം തുറമുഖത്ത് സ്ഥല വാടകയും പിഴയും ഈടാക്കുന്നത് നിർത്തലാക്കണം: എം.കെ രാഘവൻ എം.പി

Jaihind News Bureau
Monday, April 20, 2020
കോഴിക്കോട്: കൊവിഡ് 19 പശ്ചാത്തലത്തില്‍ കൊച്ചി വല്ലാര്‍പാടം തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് സ്ഥലവാടകയും, പിഴയുമുള്‍പ്പെടെയുള്ള ചാര്‍ജുകള്‍ ഈടാക്കുന്നത് നിര്‍ത്താന്‍  ഡി.പി വേള്‍ഡ് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഷിപ്പിംഗ് മന്ത്രി, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കത്തയച്ചു.
കൊറോണ വൈറസ് ബാധയെതുടര്‍ന്ന് അവശ്യവസ്തുക്കള്‍ ഒഴികയുള്ള ചരക്ക് നീക്കങ്ങള്‍ക്കുള്ള നിയന്ത്രണം പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഷിപ്പിംഗ് മന്ത്രാലയം മാര്‍ച്ച് 31 ന് രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ക്ക്  കണ്ടെയ്നറുകള്‍ സൂക്ഷിക്കുന്നതിനായുള്ള തറവാടകയും പിഴയും ഈടാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുബൈ, ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളെല്ലാം ഈ ഉത്തരവ് അനുസരിച്ച് വാടകയും, പിഴയും മറ്റ് ചാര്‍ജ്ജുകളും ഒഴിവാക്കിയിരുന്നു. എന്നാല്‍ കൊച്ചി വല്ലാര്‍പാടം തുറമുഖം നടത്തിപ്പ് ചുമതലയുള്ള ഡി.പി വേള്‍ഡ് എന്ന സ്വകാര്യ കമ്പനി ഇപ്പോഴും സ്ഥലവാടകയും പിഴയുമുള്‍പ്പെടെ ഒഴിവാക്കാന്‍ തയ്യാറായിട്ടില്ല.
ഡി.പി വേള്‍ഡ് എന്ന സ്വകാര്യ കമ്പനിയുടെ പിടിവാശിമൂലം  ബുദ്ധിമുട്ടനുഭവിക്കുന്നതായുള്ള വിവരം മലബാര്‍ മേഖലയിലെ വ്യാപാരികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എം.പി ഇടപെട്ടത്. അവശ്യവസ്തുക്കളാണെങ്കില്‍ പോലും കണ്ടെയ്നറുകള്‍ കൊണ്ടുവരുന്നതിനായ് യാത്രാ സകര്യമില്ലാത്ത വിഷയമാണ് വ്യാപാരികള്‍ പ്രധാനമായും ഉന്നയിക്കുന്നത്. ചരക്ക് ലോറി ഡ്രൈവര്‍മാര്‍ യാത്രക്കിടയില്‍ ഭക്ഷണവും വെള്ളവും ലഭ്യമാകാത്ത കാരണത്താല്‍ സര്‍വീസ് നടത്താന്‍ തയ്യാറാകുന്നില്ല. ഇതുമൂലം കണ്ടെയ്നറുകള്‍ ദിവസങ്ങളോളം തുറമുഖത്ത് തന്നെ കിടക്കുകയാണ്.
കൂടാതെ വളരെപെട്ടന്ന് ഉപയോഗ ശൂന്യമാകുന്ന വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ നീക്കാന്‍ സാധിക്കാത്തതിലൂടെ കനത്ത നഷ്ടമാണ് വ്യാപാരികള്‍ അഭിമുഖീകരിക്കുന്നത്. അതോടോപ്പം തറവാടകയും പിഴയും കനത്ത പ്രഹരമേല്‍പ്പിക്കുമെന്നും എം.പി കത്തില്‍ ചൂണ്ടിക്കാട്ടി. ഷിപ്പിംഗ് മന്ത്രാലയമിറക്കിയ ഉത്തരവ് പാലിക്കാത്ത ഡി.പി വേള്‍ഡ് എന്ന കമ്പനിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.