തനിക്കെതിരെ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ഗൂഢാലോചന, സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഞാന്‍ ആരില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും വാങ്ങിയിട്ടില്ല: എം.കെ രാഘവന്‍

Jaihind Webdesk
Thursday, April 4, 2019

കോഴിക്കോട്: തനിക്കെതിരെ ഒരു ടിവി ചാനല്‍ പുറത്തുവിട്ട സ്ട്രിങ് ഓപ്പറേഷന്‍ എഡിറ്റ് ചെയ്തതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം പ്രവര്‍ത്തകരും ഒരുകൂട്ടം മാഫിയ സംഘവുമാണെന്നും കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. ലോക്സഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ടാണ് തനിക്കെതിരെയുള്ള നീക്കമെന്നും രാഘവന്‍ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ ഇതുപോലെ അപമാനം സഹിച്ച സാഹചര്യമുണ്ടായിട്ടില്ലെന്ന് പറഞ്ഞ രാഘവന്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഒരുവേള പൊട്ടിക്കരയുകയുണ്ടായി.

എന്നെ നന്നായി മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം. ഇത്രയും കാലം ഈ രംഗത്ത് പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ ഞാന്‍ എന്ത് ചെയ്തെന്ന് നിങ്ങള്‍ അന്വേഷിക്കണം. എന്റെ സമ്പാദ്യം എന്താണ്, ബാങ്ക് ബാലന്‍സ് എന്താണ്. എന്റെ കുടുംബത്തിന്റെ അവസ്ഥയെന്താണ്. ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇത്രയും സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഞാന്‍ ആരില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും വാങ്ങിയിട്ടില്ല. ബോധപൂര്‍വം സിപിഎം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് ഇന്നല്ലെങ്കില്‍ നാളെ സിപിഎം മറുപടി പറയേണ്ടി വരുമെന്ന് രാഘവന്‍ പറഞ്ഞു.

സിപിഎമ്മിന്റെ ലക്ഷ്യം തെരഞ്ഞടുപ്പ് വിജയമാണ് . ഇതുകൊണ്ട് തന്നെ തളര്‍ത്താനോ പിന്തിരിപ്പിക്കാനോ കഴിയില്ല. നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. ഇന്നലെ തന്നെ തെരഞ്ഞടുപ്പ് കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്ത വന്ന ഉടനെ തന്നെ സിപിഎമ്മുകാര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചാരണം നടത്തുകയാണ്. ഇതിന്റെ പകര്‍പ്പുകള്‍ വെച്ച് കമ്മീഷണര്‍ക്ക് പരാതി നല്‍കും. വാര്‍ത്ത പ്രചരിപ്പിച്ച ദേശാഭിമാനിക്കെതിരെയും പരാതി നല്‍കും. വ്യക്തിഹത്യയാണ് അവര്‍ ലക്ഷ്യമിടുന്നത്. ഞാന്‍ ആരോടും കോഴ ചോദിച്ചിട്ടില്ല. എന്റെ ശബ്ദം ഡബ്ബിങ് നടത്തി വളരെ ബോധപൂര്‍വം നടത്തിയതാണ് സ്ട്രീങ് ഓപ്പറേഷന്‍. കോഴിക്കോട്ടെ സിപിഎം നേതൃത്വവും മാഫിയാ സംഘങ്ങളുമാണ് ഇതിന് പിന്നില്‍. ഇത് വൈകാതെ പുറത്തുവരും. ഇത് സംബന്ധിച്ച ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. എനിക്ക് വേറെ മാര്‍ഗമില്ല. ആത്മഹത്യ ചെയ്യാന്‍ കഴിയ്യില്ലെന്ന് പറഞ്ഞ് രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞു. ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖിനും കെസി അബുബിനും മറ്റു യുഡിഎഫ് നേതാക്കള്‍ക്കും ഒപ്പമായിരുന്നു വാര്‍ത്താ സമ്മേളനം.