കൊവിഡ് -19 : പ്രതിസന്ധിയ്ക്ക് പരിഹാരം നിർദ്ദേശിച്ച് എം.കെ രാഘവൻ എംപി; പ്രധാനമന്ത്രിക്ക് കത്ത്

കൊവിഡ് കാലത്ത് എം പിമാരുടെ വികസന ഫണ്ട് ഉൾപ്പെടെ നിർത്തലാക്കിയ കേന്ദ്ര സർക്കാറിന് മുന്നിൽ പ്രതിസന്ധി പരിഹരിക്കാനുള്ള പുതിയ നിർദ്ദേശവുമായി എം കെ രാഘവൻ എംപി. നിർദേശങ്ങൾ ചൂണ്ടിക്കാട്ടി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് സമ്പൂർണ കേന്ദ്ര മന്ത്രി സഭ യോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശം എം കെ രാഘവൻ എംപി മുന്നോട്ട് വെച്ചത്.

നിരവധി വർഷങ്ങളായി ഇന്ത്യയിൽ പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ കെട്ടിക്കിടക്കുകയാണെന്നും ലക്ഷം കോടികളോളം വിലമതിക്കുന്ന അവ ഏറ്റെടുത്ത് ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എം കെ രാഘവൻ അഭിപ്രായപ്പെട്ടു. നിലവിൽ ഗോഡൗണുകളിൽ സ്വർണ്ണ ഉരുപ്പടികൾ കെട്ടികിടക്കുകയാണ്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനം എടുത്താൽ മതി. കാർഷിക-തൊഴിൽ-വ്യാവസായിക-വാണിജ്യ മേഖലകളെയെല്ലാം ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടുന്ന പ്രതിസന്ധിയാണ് വരാൻ പോകുന്നത്. ഭക്ഷണ സാധനങ്ങളുടെ ഭദ്രത ഇല്ലാതാവുന്നതും അവശ്യവസ്തുക്കളും മരുന്നുകളും ലഭിക്കാതിരിക്കുന്നതും കടുത്ത വെല്ലുവിളിയാവും.

ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ കെട്ടിക്കിടക്കുന്ന സ്വർണം വിനിയോഗിക്കണമെന്ന നിർദ്ദേശം എം കെ രാഘവൻ എംപി മുന്നോട്ട് വെച്ചത്. ഓരോ ദിവസവും 700 കിലോ സ്വർണം രാജ്യത്ത് കള്ളക്കടത്ത് നടത്തുന്നതായാണ് കണക്ക്. നിയമപ്രശ്നങ്ങളിലുൾപ്പെടെ അകപ്പെട്ട് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പിടിച്ചെടുത്ത ഇത്തരം സ്വർണ്ണക്കടത്ത് ഉരുപ്പടികൾ കെട്ടിക്കിടക്കുകയാണ്. അവയുടെ കൃത്യമായ മൂല്യം നിശ്ചയിച്ച് സർക്കാർ ഏറ്റെടുക്കുന്ന നടപടിയിലേക്ക് ഉടൻ തന്നെ കേന്ദ്ര ധനമന്ത്രാലയം തീരുമാനം എടുക്കണമെന്ന് എം.കെ രാഘവൻ നിർദ്ദേശം വെച്ചു.

Covid 19Lock DownPM Narendra Modimk raghavan mpcorona
Comments (0)
Add Comment