കോംപോസിറ്റ് റീജിയണല്‍ സെന്‍റര്‍ കെട്ടിട നിര്‍മ്മാണം അവസാന ഘട്ടത്തില്‍; പ്രവർത്തന പുരോഗതി വിലയിരുത്തി എം.കെ രാഘവന്‍ എം.പി

Jaihind News Bureau
Friday, November 13, 2020

ഭിന്നശേഷിക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള കോംപോസിറ്റ് റീജിയണല്‍ സെന്‍റര്‍ കെട്ടിട നിര്‍മ്മാണം അവസാന ഘട്ടത്തില്‍. എം.കെ രാഘവന്‍ എം.പി സ്ഥലത്തെത്തി പ്രവത്തനത്തിന്‍റെ പുരോഗമനം വിലയിരുത്തി. നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് ഫെബ്രുവരി മാസത്തോടുകൂടി സ്ഥാപനം പ്രവർത്തനസജ്ജമാകുമെന്നു എംകെ രാഘവൻ എംപി പ്രതികരിച്ചു.

ഭിന്നശേഷിക്കാരുടെ പരിശീലത്തിനും, പുനരധിവാസത്തിനും, ഗവേഷണത്തിനുമായി കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംപോസിറ്റ് റീജിയണല്‍ സെന്‍ററിനായുള്ള പുതിയ കെട്ടിടം എം.കെ രാഘവന്‍ എം.പി സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതികള്‍ വിലയിരുത്തി. ചേവായൂരിൽ 3 ഏക്കര്‍ ഭൂമിയിലാണ് സി.ആര്‍.സിക്കായി പുതിയ കെട്ടിടം പണി പൂര്‍ത്തിയാവുന്നത്. ഇതിനായുള്ള സ്ഥലം കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2013 ല്‍ അനുവദിക്കുകയും പിന്നീട് സ്ഥലം യുപിഎ സര്‍ക്കാര്‍ ഏറ്റെടുക്കുകയുമായിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് എം.കെ രാഘവന്‍ എം.പി യുടെ ഇടപെടലുകൾ മൂലം കേന്ദ്ര സാമൂഹ്യനീതി മന്ത്രി ആയിരുന്ന മുകുള്‍ വാസ്നിക്ക് പ്രസ്തുത സ്ഥാപനം 2012 ല്‍ കോഴിക്കോടിന് അനുവദിച്ചത്.

2013 ഏപ്രില്‍ പതിമൂന്നിനാണ് കേന്ദ്ര മന്ത്രി ഷെല്‍ജ കുമാരി സ്ഥാപനത്തിന് തറക്കല്ലിട്ടത്. നിലവിൽ താത്കാലിക കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന സി.ആര്‍.സി ദക്ഷിണേന്ത്യയില്‍ രണ്ടാമത്തേതും, കേരളത്തില്‍ ആദ്യത്തെയും സ്ഥാപനമാണ്. 20 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം 99 ശതമാനവും പൂര്‍ത്തിയായിരിക്കുകയാണ്. അവസാന മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്.