ആവിക്കൽ മാലിന്യ പ്ലാന്‍റ് ജനവാസ മേഖലയില്‍ നിന്ന് മാറ്റണം; കേന്ദ്രമന്ത്രിയെ കണ്ട് എംകെ രാഘവന്‍ എംപി; അടിയന്തര ഇടപെടല്‍ ഉറപ്പ് നല്‍കി മന്ത്രി

Jaihind Webdesk
Wednesday, August 3, 2022

MK-Raghavan

 

ന്യൂഡൽഹി: ആവിക്കൽ മലിന്യ പ്ലാന്‍റ് വിഷയം കേന്ദ്ര നഗരവികസന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി എം.കെ രാഘവന്‍ എംപി. ജനവാസമേഖലയിൽ സ്ഥാപിക്കാനുള്ള കോഴിക്കോട് കോർപ്പറേഷന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും നീക്കത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് അടിയന്തരമായി അന്വേഷണത്തിന് നിർദ്ദേശം നൽകുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്‍റെ അമൃത് പദ്ധതി പ്രകാരം സ്ഥാപിക്കുന്ന മാലിന്യപ്ലാന്‍റ് ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ പദ്ധതി എന്ന നിലയിലും, കോഴിക്കോട് നഗരത്തിലെ ക്രമാസമാധാനത്തെ ബാധിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയം എന്ന നിലയിലും സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും സഭ പിരിഞ്ഞതിനാൽ വിഷയം ചർച്ചയ്ക്കെടുത്തിരുന്നില്ല. ഇതേതുടർന്നാണ് എം.പി മന്ത്രിയെ നേരിൽ കണ്ടത്.

ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളുടെ സാധ്യതകൾ പരിശോധിക്കാതെ വളരെയേറെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ജനങ്ങളുടെ എതിർപ്പ് മറികടന്നുകൊണ്ട് ബലപ്രയോഗത്തിലൂടെ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാരും പദ്ധതി നടപ്പിലാക്കേണ്ട കോഴിക്കോട് കോർപ്പറേഷനും മുന്നോട്ട് പോകുന്നതെന്ന കാര്യം എം.പി മന്ത്രിയെ ധരിപ്പിച്ചു. സമരക്കാരുടെ ആവശ്യങ്ങൾ ന്യായമാണ്. സമാധാന പരമായി സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരെ പോലീസ് വേട്ടയാടുകയാണ്. ആവിക്കലിൽ പ്ലാന്‍റ് സ്ഥാപിക്കുന്ന വിഷയം കോഴിക്കോട് നഗരത്തിന്‍റെ ക്രമസമാധാത്തെ തന്നെ ബാധിച്ചിരിക്കുന്ന വിവരവും മന്ത്രിക്ക് മുമ്പാകെ എം.പി ചൂണ്ടിക്കാട്ടി.

വിഷയം ചർച്ച ചെയ്യാൻ അധികൃതർ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ പ്രദേശവാസികളെ പങ്കെടുപ്പിക്കാതെ പദ്ധതി പ്രദേശവുമായി യാതൊരു ബന്ധമില്ലാത്തവരെയാണ് പങ്കെടുപ്പിക്കുന്നത്. ഇക്കാരണത്താൽ പ്രദേശവാസികൾക്ക് അവരുടെ ആശങ്കകൾ പങ്കുവെക്കാൻ ഇടമില്ലാതായിരിക്കുകയാണ്. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന അമൃത് ഉൾപ്പെടെയുള്ള പദ്ധതികൾ വിലയിരുത്തുന്നതിനും മേൽനോട്ടത്തിനും എം.പിമാർ അധ്യക്ഷനായുള്ള സമിതി ജില്ലാതലത്തിൽ രൂപീകരിക്കണമെന്ന കർശന നിർദേശം നിലനിൽക്കെ കോഴിക്കോട് അത്തരമൊരു സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടം ഇതുവരെയും തയാറായിട്ടില്ല എന്ന കാര്യം എം.പി മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. ഈ സമിതിക്ക് കോഴിക്കോട് രൂപം നൽകിയിരുന്നെങ്കിൽ വിഷയം ഇത്രയും രൂക്ഷമാകുന്നത് എം.പി എന്ന നിലയിൽ തടയാൻ സാധിക്കുമായിരുന്നുവെന്ന് മന്ത്രിക്ക് മുമ്പാകെ വ്യക്തമാക്കി.

ഇക്കാര്യം നേരത്തെ തന്നെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് പ്രകാരം ജനുവരിയില്‍ നഗരവികസന മന്ത്രാലയ സെക്രട്ടറി സംസ്ഥാന സർക്കാർ ജില്ലകളിൽ സമിതി രൂപീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏഴു മാസങ്ങൾ പിന്നിട്ട ശേഷവും സമിതി രൂപീകരിക്കാൻ തയാറാവാത്തത് ബന്ധപ്പെട്ട വകുപ്പിന്‍റെ നിഷേധാത്മക നിലപാടാണെന്നും എം.കെ രാഘവന്‍ എം.പി ചൂണ്ടിക്കാട്ടി.