പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റർ അന്തരിച്ചു

Jaihind News Bureau
Monday, April 6, 2020

പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.

നിത്യഹരിത ഗാനങ്ങളുടെ രാജശിൽപിയായ അദ്ദേഹം ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തി. നാടകഗാനങ്ങൾ ഒരുക്കിക്കൊണ്ടായിരുന്നു സംഗീതസംവിധാന ലോകത്തേയ്ക്ക് അദ്ദേഹം എത്തിയത്. 1968 ൽ കറുത്ത പൗർണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കി സിനിമയിൽ സജീവമായ മാസ്റ്റർ ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ച അദ്ദേഹം 300 ഓളം നാടകങ്ങളിലായി ഏകദേശം 800 ഓളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. വയലാർ, പി. ഭാസ്‌കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻതമ്പി അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ വളരെയേറെ ജനപ്രീതി നേടി. ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജ്ജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഈ വർഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപർണിക തുടങ്ങിയ സമിതികൾക്കുവേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തി.

മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ ഭൂരിപക്ഷവും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്.

teevandi enkile ennodu para