പ്രളയ ബാധിതര്‍ക്ക് വേണ്ടി പിരിച്ച തുക വകമാറ്റിയത് ഗുരുതര ക്രമക്കേട് : രമേശ് ചെന്നിത്തല

Jaihind Webdesk
Monday, August 19, 2019

Ramesh-Chennithala

തിരുവനന്തപുരം:   പ്രളയ ബാധിതര്‍ക്ക് വേണ്ടി  കെ എസ് ഇ ബി സാലറി ചലഞ്ചിലൂടെ പിരിച്ച   കോടിക്കണക്കിന് രൂപ  വകമാറ്റി ചിലവഴിച്ചത്    സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന്    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.   ഡാമുകള്‍  തുറന്ന് വിട്ട് കേരളത്തെ പ്രളയത്തില്‍ മുക്കിയ  കെ എസ് ഇ ബി തന്നെ  പ്രളയ ബാധിതര്‍ക്ക് വേണ്ടി  പിരിച്ച തുക വകമാറ്റി ചിലവഴിച്ചതിലൂടെ  വേലി തന്നെ വിളവ് തന്നെ വിളവ് തിന്നുന്ന സ്ഥിതി വിശേഷമാണ് സംജാതമായത്.  പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രത്യേക അക്കൗണ്ട് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശരിവക്കുന്നതാണ്  വൈദ്യുതി വകുപ്പിന്റെ  ഈ കെടുകാര്യസ്ഥത.  സാമ്പത്തിക പ്രതിസന്ധിമൂലമാണ്  പണം വകം മാറ്റി ചിലവഴിച്ചതെന്ന്  വകുപ്പ് മന്ത്രി  എം എം മണി തന്നെ   സമ്മതിച്ച് സ്ഥിതിക്ക്  വൈദ്യുത വകുപ്പിന്റെ വീഴ്ച വ്യക്തമായിരിക്കുകയാണ്.

പ്രളയദുരിതാശ്വാസനിധിയിലേക്കുവേണ്ടി  സാലറി ചലഞ്ചിലൂടെ പിരിച്ച 136 കോടി രൂപ കൈവശം വച്ചിരുന്നവര്‍ ഒരുവര്‍ഷത്തോളം ഇതിന്റെ പലിശയിനത്തില്‍ എത്ര തുക ലഭിച്ചു എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  കെ.എസ്.ഇ.ബിയില്‍ മാത്രമല്ല, പല പൊതുമേഖലാ സ്ഥാപനങ്ങളിലും  ഇത്തരത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ട്  എന്നാണ് മനസ്സിലാകുന്നത്. ഇത്തരത്തിലുള്ള വലിയ ക്രമക്കേടുകള്‍ മുന്നില്‍ കണ്ടുകൊണ്ടു കൊണ്ടാണ്  ദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് വേണമെന്ന് പ്രതിപക്ഷം  നേരത്തെ തന്നെ ആവശ്യപ്പെട്ടത്. .  അങ്ങിനെ ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വന്‍  ദുര്‍വിനിയോഗം ഉണ്ടാകുമായിരുന്നില്ലന്നും   രമേശ് ചെന്നിത്തല പറഞ്ഞു.

സാലറി ചലഞ്ചിലൂടെ മൂന്ന് ദിവസംകൊണ്ട്  136 കോടിരൂപയാണ്  പിരിച്ചത്.   ജൂണ്‍ 30 വരെ 10.2 കോടി രൂപയാണ് ചെലവാക്കിയത്. ബാക്കി പണം വക മാറ്റി.  ദുരിത ബാധിതര്‍ക്ക്   മൂവായിരം വീട്  നിര്‍മിച്ച് നല്‍കാനുള്ള കെ എസ് ഇ ബിയുടെ  പദ്ധതി സാമ്പത്തിക നഷ്ടം മൂലം മാറ്റി വച്ചു എന്നാണ് പറയുന്നത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ പണം പിരിച്ചിട്ട് അത് നല്‍കാതിരിക്കുന്നത്    വലിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ഇ ബി യിലെ ജീവനക്കാരെ കൂടി സര്‍ക്കാര്‍   ഈ വിഷയത്തില്‍  കബളിപ്പിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങളുടെ കുടംബത്തിലേക്ക്  ചിലവഴിക്കേണ്ട തുക ദുരിതമനുഭവിക്കുന്നവര്‍ക്കായി   നല്‍കാന്‍ അവര്‍   തെയ്യാറായപ്പോള്‍ അവരെ കബളിപ്പിച്ച് കൊണ്ട് അവര്‍   നല്‍കിയ  സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുകയായിരുന്നു.   ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് വേണമെ്ന്നും  അല്ലങ്കില്‍ സര്‍ക്കാര്‍  ആ പണം മറ്റു വിധത്തില്‍  ചിലവഴിക്കുമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആശങ്ക ഇപ്പോള്‍ യഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഈ  ഗുരുതരമായ ക്രമക്കേടിനും   ദുര്‍വിനിയോഗത്തിനും സര്‍ക്കാര്‍ മറുപടി പറഞ്ഞേ  തീരൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.