മോദിക്ക് തിരിച്ചടിയായി ‘മിഷന്‍ ശക്തി’ പ്രഖ്യാപനം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു; പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കും

webdesk
Wednesday, March 27, 2019

ബഹിരാകാശ രംഗവുമായി ബനധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. പ്രധാനമന്ത്രിയുടേത് പെരുമാറ്റച്ചട്ടലംഘനമാണോയെന്നത് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനായി കമ്മിറ്റിക്ക് രൂപം നല്‍കി. വിദഗ്ധ പരിശോധനക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്.

പ്രധാനമന്ത്രിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. എത്രയും വേഗം ഇക്കാര്യം പരിശോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍‌ വക്താവ് അറിയിച്ചു.

ഡി.ആര്‍.ഡി.ഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് അറിയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തിയതിലൂടെ പ്രധാനമന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നത് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കക്ഷികള്‍ പരാതിയുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.