കാലിക്കറ്റ് സർവകലാശാലയില്‍ ടാബുലേഷൻ രജിസ്റ്ററുകൾ കാണാതായതില്‍ ദുരൂഹത; മാർക്ക്‌ തട്ടിപ്പ് മാഫിയയെ സഹായിക്കാനെന്ന് ആക്ഷേപം|VIDEO

Jaihind News Bureau
Sunday, July 26, 2020

 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട മാർക്ക് രേഖകൾ അടങ്ങിയ ടാബുലേഷൻ രജിസ്റ്ററുകൾ കാണാതാകുന്നതിൽ ദുരൂഹത. മാർക്ക്‌ ഷീറ്റുകൾ കണ്ടെത്താനാകാത്തതുകൊണ്ട് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും, ഡ്യൂപ്ലിക്കേറ്റ് മാർക്ക് ലിസ്റ്റുകൾക്കും അപേക്ഷ സമർപ്പിച്ചവർക്ക് മാർക്ക് ലിസ്റ്റുകള്‍ നൽകാനാകുന്നില്ല. എസ് എഫ് ഐ വനിതാ നേതാവിന് മാർക്ക്‌ ദാനമായി നല്‍കിയതിന് പിന്നാലെയാണ് സർവകലാശാലയിലെ പുതിയ വിവാദം.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ 1982 ബാച്ചിലെ എം.എസ്.സി പരീക്ഷയുടെയും ബാച്ച് 1995, 1997, വര്‍ഷങ്ങളിലെ എം.എ പരീക്ഷകളുടെയും ടാബുലേഷൻ രജിസ്റ്ററാണ് കാണാതായിരുന്നത്. മാർക്ക് ഷീറ്റുകൾ കാണാതായതിനാല്‍ അപേക്ഷകരുടെ കൈവശമുള്ള മാർക്ക് ലിസ്റ്റിന്‍റെ  പകർപ്പ് വാങ്ങി യൂണിവേഴ്സിറ്റിയുടെ മുദ്രയും സീലും അടയാളപ്പെടുത്തി നൽകാനാണ് നീക്കം. ഇത് വ്യാജ മാർക്ക്‌ തട്ടിപ്പ് മാഫിയയ്ക്ക് സഹായകമാക്കാനെന്ന ആക്ഷേപവുമുണ്ട്. എസ്.എഫ്.ഐ വനിതാ നേതാവിന് 21 മാർക്ക്‌ യൂണിവേഴ്സിറ്റി ദാനമായി നൽകിയ വാർത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവാദമെന്നതും ശ്രദ്ധേയമാണ്.

ഈ രീതി അംഗീകരിക്കുകയാണെങ്കിൽ മാർക്ക്  രേഖകൾ ബോധപൂർവം നശിപ്പിച്ച ശേഷം പുതിയ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും യഥേഷ്ടം നല്‍കാനാവുന്ന അവസ്ഥ സംജാതമാകും. അതേസമയം  അപേക്ഷിച്ചവരുടെ മാർക്ക്‌ അടയാളപ്പെടുത്തിയിരുന്ന ടാബുലേഷൻ ഷീറ്റുകൾ കണ്ടെത്താനാവുന്നില്ലെന്നും മാർക്ക്‌ റെക്കോർഡുകൾ സൂക്ഷിക്കുന്ന ഓഫീസ് മുറിയുടെ അവസ്ഥ ശോചനീയമാണെന്നുമാണ് പരീക്ഷാ കൺട്രോളർ സിൻഡിക്കേറ്റിന് നൽകിയ മറുപടി.

1937 ൽ സ്ഥാപിച്ച കേരള സർവകലാശാലയുടെ എല്ലാ മാർക്ക് റെക്കോർഡുകളും വളരെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുമ്പോഴാണ് 1967 ൽ ആരംഭിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മാർക്ക് ഷീറ്റുകൾ സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രേഖകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ ഉത്തരവാദിത്തപ്പെട്ടവരെ  കണ്ടെത്തുന്നതിന് പകരം അപേക്ഷകർ തന്നെ സമർപ്പിക്കുന്ന പകർപ്പുകളുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് ക്രമക്കേടുകൾക്ക് കാരണമാകുമെന്നും ഇത് മാർക്ക്‌ തട്ടിപ്പ് മാഫിയയ്ക്ക് സഹായകമാകുമെന്നും സർവകലാശാല ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.