വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചു; സി.പി.എം നേതാവ് ഷാഹിദാ കമാലിനെതിരെ പരാതി

വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതാവും വനിതാ കമ്മീഷന്‍ അംഗവുമായ ഷാഹിദാ കമാലിനെതിരെ വിജിലന്‍സില്‍ പരാതി. വിവരാവകാശ രേഖ പ്രകാരമാണ് ഷാഹിദ കമാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞത്. വനിതാ കമ്മീഷന്‍ അംഗമായ ഷാഹിദ കമാലിന് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് കാണിച്ചാണ്  വിജിലന്‍സില്‍ പരാതി ലഭിച്ചിരിക്കുന്നത്.

വനിതാ കമ്മീഷന്‍ അംഗമാകാന്‍ നല്‍കിയ അപേക്ഷയിലും 2009, 2011 തെരഞ്ഞെടുപ്പുകളില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലും ബിരുദധാരിയാണെന്ന് ഷാഹിദ വ്യക്തമാക്കിയിരുന്നു. 87-90 കാലഘട്ടത്തില്‍ അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ കേരള സര്‍വകലാശാലയുടെ രേഖകളില്‍ ഈ കാലയളവില്‍ ഷാഹിദാ കമാല്‍ ബിരുദം നേടിയിട്ടില്ലെന്നത് വ്യക്തമാണ്.

ബിരുദമുണ്ടെന്ന് തെറ്റായ വിവരം നല്‍കിയാണ് ഷാഹിദാ കമാല്‍ വനിതാ കമ്മീഷന്‍ അംഗമായതെന്നും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതെന്നും വിജലന്‍സിന് ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്‍ അംഗമാകാന്‍ സമര്‍പ്പിച്ച അപേക്ഷയിലും ചടയമംഗലത്തും കാസര്‍കോട്ടും മത്സരിച്ചപ്പോഴും ഷാഹിദ പറഞ്ഞിരുന്ന വിദ്യാഭ്യാസ യോഗ്യത ബികോം ബിരുദം ആയിരുന്നു. സത്യസന്ധതയില്ലാത്ത, തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തിയാണ് ഷാഹിദയുടെ ഭാഗത്തുനിന്നുണ്ടായതെന്നും, വനിതാ കമ്മീഷന്‍ അംഗമായി തുടരാന്‍ യോഗ്യതയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ബി.കോം പൂര്‍ത്തിയാക്കി എന്ന് മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുള്ളുവെന്ന് ഷാഹിദ കമാല്‍ പ്രതികരിച്ചു. കമ്മീഷനെയോ സർക്കാരിനെയോ കബളിപ്പിച്ചിട്ടില്ലെന്നും ഷാഹിദ കമാല്‍ അവകാശപ്പെട്ടു. എന്നാല്‍ ബികോം പാസായിട്ടില്ലെങ്കില്‍ കോഴ്സ് തുടരുന്നുവെന്ന് കൃത്യമായി എഴുതണമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പരാതി ലഭിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെടാം.

Election Commissionshahida kamal
Comments (0)
Add Comment