പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍; പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

Jaihind News Bureau
Friday, January 10, 2020

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ചട്ടം നിലവില്‍ വന്നതായി  ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പൗരത്വ  ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി.

ചട്ടം ഇന്ന് മുതൽ നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സുപ്രീം കോടതിയിലെ ഹർജികള്‍ തീര്‍പ്പാക്കുന്നതുവരെ കാക്കാതെയാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരുന്നു. അതേസമയം വിഷയത്തില്‍ ആവശ്യമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അതിനാല്‍ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

ജനാധിപത്യ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ തിരക്കിട്ട് നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് ഇറക്കിയ ഉത്തരവ് നിലവിലെ പ്രതിഷേധങ്ങളെ കൂടുതല്‍ ശക്തമാക്കിയേക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം.