മന്ത്രി വീണയുടെ ഭർത്താവിന്‍റെ കെട്ടിടത്തിനായി പുറമ്പോക്ക് കയ്യേറി; സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ നിർദ്ദേശിച്ച് കളക്ടർ

 

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ഇടപെട്ട ഓട വിവാദത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ നിർദ്ദേശം നൽകി കളക്ടർ. മന്ത്രിയുടെ ഭർത്താവിനെതിരെ ആക്ഷേപം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.കെ. ശ്രീധരനോട് സിപിഎം ജില്ലാ സെക്രട്ടറി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ ശ്രീധരനെ അനുകൂലിച്ച് ലോക്കൽ, ഏരിയാ കമ്മിറ്റികൾ മുന്നോട്ട് വന്നതോടെ സിപിഎം വെട്ടിലായി. ഇതോടെ വിഭാഗീയതയും രൂക്ഷമായി.

മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്നാണ് ആക്ഷേപം. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കെട്ടിട നിർമ്മാണ സമയത്തു പുറമ്പോക്ക് കയ്യേറിയതു കണ്ടെത്താതിരിക്കാനാണ് ഓടയുടെ ഗതി മാറ്റിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

ഓട നിർമ്മാണം തുടരണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്തെത്തിയെങ്കിലും ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരൻ ജില്ലാ സെക്രട്ടറിയുടെ ആവശ്യം നടപ്പാക്കാൻ കഴിയില്ലെന്ന് നിലപാടെടുത്തു. പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഓട റോ‍ഡിന്‍റെ അതിർത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു കോൺഗ്രസും വ്യക്തമാക്കി. അതേസമയം പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിർമ്മിക്കുന്നതിനു മുമ്പാണു റോഡിന്‍റെ അലൈൻമെന്‍റ് നടത്തിയതെന്നുമാണ് മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവിന്‍റെ വിശദീകരണം.

Comments (0)
Add Comment