‘കായിക മന്ത്രി മാപ്പ് പറയണം, പട്ടിണിപ്പാവങ്ങളെ അപമാനിച്ചയാള്‍ മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല’; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, January 16, 2023

 

കോഴിക്കോട്: കാര്യവട്ടം വിവാദത്തില്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  മന്ത്രിയുടേത് അഹങ്കാരത്തിന്‍റെ സ്വരമാണെന്നും പട്ടിണിപ്പാവങ്ങളെ അപമാനിച്ച ആൾ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

“കേരളത്തില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വന്‍വിജയമാക്കി തീര്‍ക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതായിരുന്നു. അന്താരാഷ്ട്ര മത്സരം നന്നായി നടത്തിയാല്‍ കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കുകയും അതിലൂടെ കായിക മേഖലയ്ക്ക് മാത്രമല്ല സമ്പദ് വ്യവസ്ഥയ്ക്കും ഗുണമുണ്ടായേനെ. എന്നാല്‍ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നാണ് കായിക മന്ത്രി പ്രഖ്യാപിച്ചത്. കേരള രാഷ്ട്രീയത്തിന്‍റെ വരാന്തയില്‍ കയറി നിന്നിട്ടുള്ള ആരെങ്കിലും ഇങ്ങനെയൊരു പ്രസ്താവന നടത്തുമോ? അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും സ്വരത്തിലാണ് മന്ത്രി സംസാരിച്ചത്. കേരളത്തിന്‍റെ മനസാക്ഷിയെ വെല്ലുവിളിക്കുന്ന മന്ത്രിയുടെ പ്രഖ്യാപനത്തോടുള്ള കേരള ജനതയുടെ പ്രതികരണമാണ് ഇപ്പോള്‍ കണ്ടത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ മന്ത്രി തയാറാകണം. പട്ടിണി കിടക്കുന്ന പാവങ്ങളോട് പുച്ഛത്തോടെ പെരുമാറിയ മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ പാടില്ല. അധികാരത്തിന്‍റെ അഹങ്കാരം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നതു കൊണ്ടാണ് ഇത്തരമൊരു പ്രതികരണമുണ്ടായത്.” – വി.ഡി സതീശൻ പറഞ്ഞു.

സർക്കാരിന്‍റെ തെറ്റായ നയങ്ങൾ മൂലമാണ് കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. നികുതി വർധിപ്പിച്ചതുകൊണ്ട് സാധാരണക്കാർ മാറി നിന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കായിക മന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. മന്ത്രിയുടെ പരാമർശം വനരുത്തിവെച്ച വിന ഇന്നലെ നേരില്‍ കണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ തുറന്നടിച്ചു. നഷ്ടം സർക്കാരിനും കൂടിയാണെന്നും പരാമർശക്കാർ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ മനസിലാക്കണമെന്നും പന്ന്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.