‘മൃതദേഹവുമായി രാഷ്ട്രീയ മുതലെടുപ്പ് നടത്തി’; കരുവന്നൂർ മരണത്തില്‍ വിവാദ പരാമർശവുമായി മന്ത്രി ആർ ബിന്ദു

Jaihind Webdesk
Thursday, July 28, 2022

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നിക്ഷേപക മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു. മൃതദേഹം ബാങ്കിന് മുന്നില്‍ കൊണ്ടുവന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മരിച്ച ഫിലോമിനയുടെയും ഭര്‍ത്താവ് ദേവസിയുടെയും കുടുംബത്തിന് ആവശ്യത്തിന് പണം നല്‍കിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം മന്ത്രിയുടെ വാദം തള്ളി  ഫിലോമിനയുടെ മകന്‍ ഡിനോയ് രംഗത്തെത്തി. ചികിത്സ തുടങ്ങിയതിന് ശേഷം ഒരുരൂപ പോലും ബാങ്കില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് മകന്‍ വ്യക്തമാക്കി. അമ്മയുടെ മരണശേഷമാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് വീട്ടിലെത്തിച്ചത്. നേരത്തെ തുക കിട്ടിയിരുന്നെങ്കില്‍ അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാമായിരുന്നു. ഞങ്ങളുടെ പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. തരേണ്ട പണം എത്രയാണെന്ന് ഒരു മന്ത്രിയോ എംഎല്‍എയോ അല്ല തീരുമാനിക്കേണ്ടത്. എപ്പോള്‍ പണം ചോദിച്ചാലും തരാന്‍ ബാങ്ക് ബാധ്യസ്ഥരാണ്. ഞങ്ങള്‍ക്ക് ആവശ്യമുള്ള പണം നല്‍കിയെന്ന് മന്ത്രി എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഡിനോയ് ചോദിച്ചു.