ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ ധനവകുപ്പിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി പീയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രാവിലെ 11 മണി മുതലാണ് ബജറ്റ് അവതരണം.
തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ വോട്ട് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളോടെയാകും മന്ത്രി പീയുഷ് ഗോയല്‍ മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിക്കുക. കാര്‍ഷിക കടം എഴുതിത്തള്ളല്‍, ദുര്‍ബല വിഭാഗങ്ങള്‍ക്ക് അക്കൗണ്ടിലേക്ക് പണം എത്തിക്കല്‍ തുടങ്ങി നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.
മോദി സര്‍ക്കാര്‍ അതിന്‍റെ അവസാന ദിനങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് 45 വര്‍ഷത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് 2017-18ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന വിവരം പുറത്തുവന്നത്. ഇത് മോദി സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്‌നങ്ങളും അഴിമതി ആരോപണങ്ങളുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പി നേരിടുന്ന വലിയ വെല്ലുവിളി. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ന് മോദി സര്‍ക്കാര്‍ തങ്ങളുടെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത് എന്നത് പ്രസക്തമാണ്.