തിരുവനന്തപുരം : ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസി നൽകിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ രണ്ട് തവണ കണ്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. 2019 ഒക്ടോബറിലാണ് ഫിഷറീസ് മന്ത്രിയുടെ പരിഗണനയ്ക്ക് ആദ്യം ഫയൽ അയച്ചതെന്ന് സർക്കാർ രേഖ വ്യക്തമാക്കുന്നു. ഇതിന് ശേഷമാണ് ഫയൽ നിക്ഷേപക സംഗമത്തിന് അയക്കുന്നത്.
ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാർ പ്രതിരോധത്തിലായിരിക്കുമ്പോഴാണ് വീണ്ടും സർക്കാരിനെ വെട്ടിലാക്കുന്ന രേഖകൾ പുറത്ത് വരുന്നത്. അമേരിക്കൻ കമ്പനിയായ ഇഎംസിസിയുടെ അപേക്ഷ 2 തവണ മന്ത്രി മേഴ്സിക്കുട്ടിയമ്മ പരിശോധിച്ചിട്ടുണ്ടെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നു. 2019 ഒക്ടോബറിലാണ് ഇഎംസിസിയുടെ അപേക്ഷ ആദ്യമായി ഫിഷറീസ് മന്ത്രിയുടെ പരിഗണനയ്ക്ക് വരുന്നത്. പിന്നീട് ഒരു തവണ കൂടി ഫയൽ മന്ത്രിയുടെ മേശപ്പുറത്ത് എത്തിയതാണ്. അതിന് ശേഷമാണ് ഫയൽ നിക്ഷേപക സംഗമത്തിന് അയക്കുന്നത്. ന്യൂയോർക്കിൽ വെച്ച് മന്ത്രി മേഴ്സികുട്ടിയമ്മയുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് പദ്ധതി സമർപ്പിച്ചതെന്നാണ് ഇഎംസിസി അധികൃതർ പറയുന്നത്.
ഇ-ഫയൽ രേഖകൾ പ്രകാരം 2019 ഓഗസ്റ്റ് 9 നാണ് ഫിഷറീസ് വകുപ്പിന്റെ അപേക്ഷയിൽ നടപടികൾ തുടങ്ങുന്നത്. ഒക്ടോബർ 19 നാണ് ഫിഷറീസ് സെക്രട്ടറിയായിരുന്ന കെ.ആർ ജ്യോതിലാൽ മേഴ്സികുട്ടിയമ്മയ്ക്ക് ഫയൽ ആദ്യം കൈമാറുന്നു. അതേമാസം 21 ന് മന്ത്രി ഫയൽ സെക്രട്ടറിക്ക് തിരികെ നൽകി. മന്ത്രിക്ക് ഫയൽ കൈമാറുന്നത് മുമ്പ് അതായത് ഒക്ടോബർ മൂന്നിന് അമേരിക്കൻ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ തേടി കേന്ദ്ര സർക്കാരിന് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയക്കുന്നത്. നവംബർ ഒന്നിന് പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും മന്ത്രിക്ക് ഫയൽ കൈമാറുന്നു. 18 ന് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറി ഫയൽ തിരികെ നൽകി. രണ്ടു പ്രാവശ്യം അഭിപ്രായം രേഖപ്പെടുത്തി മന്ത്രി ഫയൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. മന്ത്രി ഫയൽ കണ്ടതിന് ശേഷമാണ് വ്യവസായവകുപ്പ് സംഘടിപ്പിച്ച നിക്ഷേപകസംഗമമായ അസന്റിൽ ഇഎംസിസിയുമായി കെ.എസ്.ഐ.ഡി.സി ധാരണ പത്രം ഒപ്പുവെക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി ഇല്ലാതാക്കുന്ന ആഴക്കടല്‍ കരാറിലെ ഉള്ളുകള്ളികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്നതോടെ ന്യായീകരിക്കാനൊന്നുമില്ലാതെ സർക്കാർ അടിമുടി പ്രതിരോധത്തിലാണ്. വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞതെല്ലാം തെറ്റായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നൊന്നായി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഇഎംസിസി പ്രതിനിധികളെ കണ്ടിട്ടേയില്ലെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് അത് മന്ത്രിക്ക് തന്നെ തിരുത്തിപ്പറയേണ്ടിവന്നു. വിഷയത്തില്‍ നിന്ന് തടിയൂരാനായി മന്ത്രി പറഞ്ഞിരുന്ന തൊടുന്യായങ്ങളെയെല്ലാം പൊളിക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.