സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പ് : മന്ത്രി കെ.ടി ജലീലിന്‍റെ നിയമവിരുദ്ധ ഇടപെടലിനെതിരെ രമേശ് ചെന്നിത്തല ; ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി

Jaihind Webdesk
Wednesday, October 23, 2019

Ramesh-Chennithala-Jan-15

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയ നിയമവിരുദ്ധ ഇടപെടലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് വീണ്ടും കത്ത് നല്‍കി. പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ടത് തെളിവ് സഹിതം പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കിയത്.

പരീക്ഷാ നടത്തിപ്പിനായി സര്‍വകലാശാലാ ചട്ടങ്ങള്‍ അനുസരിച്ച് നിലവിലുണ്ടായിരുന്ന കമ്മിറ്റിയെ മാറ്റി പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് മന്ത്രി ഉത്തരവ് നല്‍കുകയായിരുന്നു. ഇത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കൈകടത്തലും പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തലുമാണെന്ന് പ്രതിപക്ഷനേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി ഇറക്കിയ ഉത്തരവ് അതേപോലെ നടപ്പിലാക്കിയ വൈസ് ചാന്‍സലര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചു. നേരത്തെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചട്ടവിരുദ്ധമായ ഇടപെടല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷനേതാവ് രണ്ട് കത്തുകള്‍ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിന്‍റെ പുതിയ തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ മൂന്നാമതും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.