ജലീല്‍ കസ്റ്റംസിന് മുന്നില്‍ : ഇത്തവണ എത്തിയത് ഔദ്യോഗിക വാഹനത്തില്‍; ചോദ്യംചെയ്യല്‍ തുടരുന്നു

 

കൊച്ചി : ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി ജലീല്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. ഇത്തവണ ഔദ്യോഗിക വാഹനത്തിലാണ് കെ.ടി ജലീല്‍ എത്തിയത്. ഇത് മൂന്നാം തവണയാണ് മന്ത്രി കെ.ടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്യുന്നത്. നേരത്തെ എൻ.ഐ.എയും എന്‍ഫോഴ്സ്മെന്‍റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

നയതന്ത്ര ചാനല്‍ വഴി നികുതി വെട്ടിച്ച് മതഗ്രന്ഥമായ ഖുറാന്‍ സംസ്ഥാനത്ത് ഇറക്കുമതിചെയ്ത് വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് മതഗ്രന്ഥം ഇറക്കുമതി ചെയ്തതെന്ന ആരോപണവും നിലനില്‍ക്കുന്നു. സ്വപ്നയുടെ മൊഴിയും മന്ത്രി കെ.ടി ജലീലിന് എതിരാണ്. കോണ്‍സുലേറ്റിനോട് സഹായം തേടിയത് ജലീലാണെന്നതാണ് സ്വപ്നയുടെ മൊഴി. കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്നും കസ്റ്റംസ് പറയുന്നു.

വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ എന്ന ചട്ടം നിലനില്‍ക്കെ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് നയതന്ത്ര പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണമെന്ന ചട്ടവും  ലംഘിക്കപ്പെട്ടു. നിരവധി ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ  സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.

Comments (0)
Add Comment