മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം അന്വേഷിക്കാൻ ലോകായുക്തയുടെ നിർദേശം. നിയമനവുമായി ബന്ധപ്പെട്ട് ഫയലുകൾ ഹാജരാക്കാനും ലോകായുക്ത ഉത്തരവിട്ടു. ബന്ധു നിയമനം സ്വജനപക്ഷപാതമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ലോകായുക്ത ഉത്തരവ് മന്ത്രി കെ.ടി ജലിലിന് തിരിച്ചടിയാകും.
മന്ത്രി കെ.ടി. ജലീലിന്റെ അടുത്ത ബന്ധുവായ കെ.ടി അദീപിന്റെ നിയമനവുമായി ബന്ധപ്പെട്ട പരാതിയിലാണ് ലോകായുക്തയുടെ അന്വേഷണ ഉത്തരവ്. ഇത് സംബന്ധിച്ച് മൂന്ന് ഫയലുകൾ ഹാജരാക്കാനും ലോകായുക്ത നിർദേശിച്ചു. അദീപിന്റെ നിയമന ഉത്തരവ് ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കണം. മാർച്ച് എട്ടിന് മുമ്പ് ഫയലുകൾ ഹാജരാക്കാനാണ് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലോകായുക്ത നിർദേശം നൽകിയത്. നിയമന വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ഈ ഉത്തരവ്.
പരാതിയിൽ നേരിട്ട് ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ ലോകായുക്തയ്ക്ക് കേസ് എടുക്കാൻ അധികാരമില്ലെന്നും സർക്കാരിന് ഫയലുകൾ പരിശോധിക്കാൻ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. ഈ വാദം തള്ളിയ ലോകായുക്ത പയസ് സി കുര്യാക്കോസും ഉപലോകായുക്ത എ.കെ ബഷീറും ഇക്കാര്യത്തിൽ സ്വജനപക്ഷപാതം നടന്നതായി നിരീക്ഷിച്ചു. തുടർന്നാണ് ഫയലുകൾ ഹാജരാക്കാൻ നിർദേശിച്ചത്. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിന് എതിരെ മലപ്പുറം വെളിയംകോട് പഞ്ചായത്ത് അംഗം മുസ്ലിം ലീഗിലെ പി.കെ മുഹമ്മദ് ഷാഫിയാണ് ലോകായുക്തയെ സമീപിച്ചത്.