വളാഞ്ചേരി പീഡനക്കേസിലെ പ്രതിക്ക് മന്ത്രി കെ.ടി. ജലീലിന്റെ സംരക്ഷണം: ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

Jaihind Webdesk
Sunday, May 5, 2019

കോഴിക്കോട്: മലപ്പുറം വളാഞ്ചേരിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീന്‍ നടക്കാവില്‍ മന്ത്രി കെ.ടി. ജലീലിന്റെ സുഹൃത്തെന്ന് ആരോപണം. കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചെന്നും മന്ത്രി ഇടപെട്ടിരുന്നന്നുവെങ്കില്‍ പൊലീസ് കുട്ടിയെ കണ്ടെത്തുമായിരുന്നെന്നും കുടുംബത്തിന്റെ മൊഴി. പ്രതിയായ ഷംസുദ്ദീന്‍ വളാഞ്ചേരി നഗരസഭാ ഇടത് കൗണ്‍സിലറും സിപിഐഎം പ്രാദേശിക നേതാവുമാണ്. ഷംസുദ്ദീന്‍ നടക്കാവിലിനെ സഹായിക്കുന്നത് ജലീലാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ജലീലിനോട് പരാതി പറഞ്ഞിട്ടും അനങ്ങിയില്ല. ജലീല്‍ ഇടപെട്ടിരുന്നുവെങ്കില്‍ പൊലീസ് അന്വേഷിക്കുമായിരുന്നെന്നും പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. മന്ത്രി ജലീലും പ്രതി ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നും അവര്‍ പരസ്പരം ഇടം കൈയും വലം കൈയുമാണെന്നും സഹോദരി പറഞ്ഞു.

സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹായം അഭ്യര്‍ഥിച്ച് മന്ത്രി കെ.ടി ജലീലിനെ ഉള്‍പ്പെടെ വിളിച്ചിരുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അന്വേഷിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. വലം കൈയും ഇടം കൈയും പോലെ അടുപ്പമുള്ളവരാണ് ജലീലും ഷംസുദ്ദീനുമെന്നും സഹോദരി പറഞ്ഞു.പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്ന തങ്ങളെ മണിക്കൂറുകളോളം അവിടെ ഇരുത്തി. രാവിലെ ഒമ്പത് മണിക്കെത്തിയിട്ടും വൈകീട്ട് അഞ്ചു മണിയോടെയാണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്-അവര്‍ പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ നേരത്തെ തന്നെ ശ്രമമുണ്ടായിരുന്നു. വിഷയം പുറത്തു വരാതിരിക്കാന്‍ പല കോണുകളില്‍ നിന്നുള്ള സമ്മര്‍ദവും പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉണ്ടായിട്ടുണ്ട്. പരാതി പറയാന്‍ ചെന്ന ബന്ധുക്കളെ പ്രതിയാക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി.

വിവാഹ വാഗ്ദാനം നല്‍കി 16 വയസുകാരിയെ ഷംസുദ്ദീന്‍ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2016 ജൂലൈയിലായിരുന്നു സംഭവം. ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയോട് ഷംസീര്‍ പ്രണയം നടിക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പല തവണ ക്വാര്‍ട്ടേഴ്സിലും മറ്റു പല സ്ഥലത്തും കൊണ്ടു പോയി പീഡിപ്പിച്ചു. അതേസമയം ഷംസുദ്ദീന്‍ മലേഷ്യയിലേക്കോ തായ്ലന്‍ഡിലേക്കോ കടന്നതായും സൂചനയുണ്ട്.