കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധിയില്‍, സമരം തുടർന്നാല്‍ ബോർഡ് തകരും : വൈദ്യുതി മന്ത്രി

Jaihind Webdesk
Tuesday, April 12, 2022

തിരുവനന്തപുരം :കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സമരം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ബോർഡ് ഇപ്പോള്‍ 14000 കോടി രൂപയുടെ നഷ്ടത്തിലാണ്. വല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും വലിയ നഷ്ടമുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെഎസ്ഇബി സമരത്തില്‍ ചെയര്‍മാന്‍ മുന്‍കൈയെടുത്ത് ബോര്‍ഡ് ചര്‍ച്ച നടത്തും. മന്ത്രിയോ മുന്നണിയോ ഇടപെടില്ല. ഇപ്പോഴത്തെ നിയമപ്രകാരം ആര്‍ക്കു വേണമെങ്കിലും ഈ ലൈനില്‍ കൂടി വിതരണം നടത്താം. ഇനി ഉപയോക്താക്കള്‍ക്ക് നിരക്ക് കൂട്ടിക്കൊടുത്ത് നിലനില്‍ക്കാനാവില്ല. പുറത്ത് നിരക്ക് കുറച്ച് കൊടുക്കാന്‍ ആളുണ്ടാവും. അവരോടു മത്സരിക്കണമെങ്കില്‍ നിരക്ക് കുറച്ചു തന്നെ വൈദ്യുതി കൊടുക്കണം. അത്തരം ചിന്തകളാണ് വരേണ്ടത്.  എല്ലാവരും ഒരുമിച്ചു മുന്നോട്ടു പോയില്ലെങ്കില്‍ ബോര്‍ഡ് തകരുമെന്നും സ്വകാര്യ കമ്പനികള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി. അശോകുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി നിലപാടറിയിച്ചത്.

അതേസമയം, ചെയര്‍മാന്‍ വിളിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യൂണിയനുകളില്‍ ആശയക്കുഴപ്പമാണുള്ളത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജന. സെക്രട്ടറി അറിയിച്ചു.