മന്ത്രി ജലീലിനെ കസ്റ്റംസും ഇ.ഡിയും വീണ്ടും ചോദ്യംചെയ്യും ; നിർണായക തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക്

Jaihind Webdesk
Sunday, October 18, 2020

 

തിരുവനന്തപുരം :  മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസും ഇഡിയും വീണ്ടും ചോദ്യംചെയ്യും. നേരത്തെ ചോദ്യംചെയ്യലിനിടെ ജലീല്‍ നല്‍കിയ വിശദീകരണത്തില്‍   പല വിവരങ്ങളും തെറ്റാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യാനുള്ള നീക്കം. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് മന്ത്രി നല്‍കിയ വിവരങ്ങളിലും വൈരുധ്യമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ മന്ത്രിയെ ചോദ്യംചെയ്തപ്പോള്‍ നല്‍കിയ വിവരങ്ങള്‍ പലതും തെറ്റാണെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സ്വപ്നയുമായും യുഎഇ കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ആശയവിനിമയം ഗണ്‍മാന്‍റെ ഫോണ്‍ വഴിയാണ് നടത്തിയതെന്നതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഗണ്‍മാന്‍ പ്രജീഷിന്‍റെ ഫോണില്‍ വിവിധ സിംകാർഡുകള്‍ ഉപയോഗിച്ച് മന്ത്രി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ട്.

മന്ത്രിയുടെ ഔദ്യോഗിക ഫോണിനുപുറമേ അനൗദ്യോഗിക കാര്യങ്ങള്‍ക്ക് ഗണ്‍മാന്‍റെ ഫോണായിരുന്നു മന്ത്രി ഉപയോഗിച്ചത്. ഗണ്‍മാന്‍റെ ഫോണുകള്‍ വഴിവിട്ട പല ഇടപാടുകള്‍ക്കും മന്ത്രി ഉപയോഗിച്ചിട്ടുണ്ടെന്നും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.