മന്ത്രി കെ.ടി ജലീലിന്‍റെ വാദം വീണ്ടും പൊളിയുന്നു

Jaihind Webdesk
Tuesday, November 13, 2018

സീനിയോറിറ്റി മറികടന്ന് മന്ത്രി കെ.ടി ജലീലിന്‍റെ ഭാര്യക്ക് ഹയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പിലായി സ്ഥാനക്കയറ്റം നൽകിയത് യു.ഡി.എഫ് സർക്കാരാണെന്ന മന്ത്രിയുടെ വാദം പൊളിയുന്നു. മന്ത്രി പത്നിക്ക് ചട്ട ലംഘനം നടത്തിയ സ്ഥാനകയറ്റം നൽകിയത് ഈ സർക്കാരിന്‍റെ കാലയളവിലാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് രേഖകൾ ജയ് ഹിന്ദ് ന്യൂസിന് ലഭിച്ചു.

വളാഞ്ചേരി എച്ച് എസ് എസ് പ്രിൻസിപ്പിളായി മന്ത്രി കെ ടി ജലീലിന്‍റെ ഭാര്യ ഫാത്തിമക്കുട്ടി എം പി ക്ക് നിയമനം ലഭിക്കുന്നത് 2016 ജുലൈ 26 നാണ്. അന്ന് പിണറായി സർക്കാരിൽ തദേശസ്വയംഭരണ വകുപ്പ് മന്ത്രിയാണ് കെ.ടി ജലീൽ. മലപ്പുറത്തെ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷനാണ് നിയമനത്തിന് അംഗീകാരം നൽകുന്നത്. ഇതോടെ തന്‍റെ ഭാര്യക്ക് സ്ഥാനകയറ്റം നൽകിയത് യു.ഡി.എഫ് സർക്കാരിന്‍റെ കാലത്താണന്ന് മന്ത്രിയുടെ വാദം കളവാണെന്ന് വ്യക്തമായി. മന്ത്രിയുടെ ഭാര്യക്ക് സ്ഥാനകയറ്റത്തിന് ശുപാർശ ചെയ്യുന്ന സ്കൂൾ മാനേജ്മെന്‍റിന്‍റെ കത്തിൽ ഫാത്തിമ കുട്ടി കെ.ടി ജലീലിന്‍റെ ഭാര്യയാണെന്ന് വ്യക്തമായി രേഖപെടുത്തിയിട്ടുണ്ട്. സീനിയോറിറ്റി മറികടന്ന് ഭാര്യക്ക് സ്ഥാനം കയറ്റം ലഭിച്ചത് യു.ഡി.എഫ് സർക്കാരിന്‍റെ കാലത്താണന്ന് പറഞ്ഞ മന്ത്രി ഇക്കാര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണന്ന് വ്യക്തമായി.

മാനദണ്ഡങ്ങളും ചട്ടങ്ങളും മറികടന്നാണ് മന്ത്രിയുടെ ഭാര്യയെ സ്കൂൾ പ്രിൻസിപ്പിലായി നിയമിച്ച വിഷയം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് പുറത്ത് കൊണ്ടുവന്നത്. തന്‍റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണന്നും പൊതുജനങ്ങളെ കബളിപ്പിച്ച മന്ത്രി രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബന്ധു നിയമന വിവാദം കിലയിലെ അനധികൃത നിയമനം തുടങ്ങിയ വിഷയത്തിൽ മന്ത്രി നൽകിയ വിശദീകരണം തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഭാര്യയുടെ സ്ഥാനക്കയറ്റo സംബന്ധിച്ച് കെ.ടി ജലീലിന്‍റെ വാദങ്ങൾ അദ്ദേഹത്തിന് തിരിച്ചടിയാവുകയാണ്.

https://youtu.be/5pbIrMJ_X-A