പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ പുറത്താക്കിയത് കാലുളുക്കിയതുകൊണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍

Jaihind News Bureau
Thursday, July 23, 2020

 

പേഴ്‌സണൽ സ്റ്റാഫ് അംഗത്തെ പുറത്താക്കിയത് കാലുളുക്കിയതുകൊണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍. നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് സജീഷെന്നും അതുകൊണ്ടാണ് അയാളെ പുറത്താക്കിയതെന്നുമാണ് വ്യവസായമന്ത്രിയുടെ വിചിത്ര വിശദീകരണം. അതേസമയം മെഡിക്കല്‍ ലീവ് നല്‍കേണ്ട ഒരു കാര്യം മാത്രമല്ലേ  ഇതെന്ന ചോദ്യത്തിന് മന്ത്രിക്ക് വ്യക്തമായ മറുപടിയുമില്ല.

ഇ.പി ജയരാജന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.സി സജീഷിനെയാണ് പുറത്താക്കിയത്. സാമ്പത്തിക ക്രമക്കേടുകളിൽ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയർന്നിരുന്നു. നിയമനങ്ങളിൽ ക്രമവിരുദ്ധമായി സജീഷ് ഇടപ്പെട്ടിരുന്നതായും ആരോപണം ഉയർന്നിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് സര്‍ക്കാരിലുള്ള ബന്ധങ്ങളാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാരണമായത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെയും മറ്റ് ചില മന്ത്രിമാരുടെയും ഓഫീസുമായ അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ പ്രതിരോധിക്കാനാവാതെ സി.പി.എം നിൽക്കുമ്പോഴാണ് കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ കെ.സി സജീഷിനെ പുറത്താക്കിയത് എന്നാണ് വിവരം. സി.പി.എം ഉന്നത നേതാവിന്‍റെ അടുത്ത ബന്ധുവും കാസർഗോഡ് സ്വദേശിയുമായ കെ.സി സജീഷിനെതിരെ മാസങ്ങൾക്ക് മുമ്പേ നിരവധി പരാതികൾ വ്യവസായ മന്ത്രിയുടെ ഓഫീസിൽ ഉയർന്നിരുന്നു. സാമ്പത്തിക ഇടപാടുകൾക്ക് പുറമേ നിയമനങ്ങളിലെ അനാവശ്യ ഇടപെടലുകൾ വരെ ആരോപണങ്ങളുണ്ട്.

സ്പോർട്സ് കൗൺസിലിന് കീഴിലും യൂണിവേഴ്സിറ്റികൾക്ക് കീഴിലും ആവശ്യമുള്ള ജഴ്സികൾ തന്‍റെ അടുത്ത സുഹൃത്തിന്‍റെ കടയിൽ നിന്ന് വാങ്ങണം എന്ന് സജീഷ് നിർദേശിച്ചിരുന്നു. പെരിന്തൽമണ്ണയിലെ ഈ സ്വകാര്യ സപോർട്സ് ഡീലറിന്‍റെ അക്കൗണ്ടിൽ നിന്ന് സജീഷിന്‍റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സിക്കുട്ടൻ അടക്കം നിരവധി പേർ പലതവണ സജീഷിനെതിരെ പരാതികൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പലതും മന്ത്രിയുടെ താൽപര്യപ്രകാരം ഒതുക്കിവെക്കുകയായിരുന്നു എന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ഇയാളെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത്.

teevandi enkile ennodu para