വിവാദ മരംമുറി ഉത്തരവിന് നിര്‍ദേശം നല്‍കിയത് ഇ ചന്ദ്രശേഖരന്‍; തെളിവുകള്‍ പുറത്ത്

Jaihind Webdesk
Sunday, July 4, 2021

തിരുവനന്തപുരം : വിവാദ മരം മുറി ഉത്തരവ് പുറത്തിറക്കാന്‍ നിർദേശം നല്‍കിയത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ എന്നതിന് തെളിവുകള്‍. മരം മുറി തടസപ്പെടുത്തുന്നവര്‍ക്കെതിരെ  നിയമ നടപടി വേണമെന്ന അപൂര്‍വ വ്യവസ്ഥയും ഉള്‍പ്പെടുത്തിയായിരുന്നു ഉത്തരവ്.

കര്‍ഷകരുടെ പട്ടയഭൂമിയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ നിയമനപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമ വകുപ്പിന്‍റെയും അഡീഷണൽ എജിയുടെയും ഉപദേശം വാങ്ങണം എന്ന് പറഞ്ഞ മന്ത്രി തന്നെ അത് ചെയ്യാതെ ഉത്തരവിനായി സമ്മർദ്ദം ചെലുത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മന്ത്രിയുടെ സമ്മര്‍ദത്തിന് പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കുകയായിരുന്നു.

കട്ടമ്പുഴ വനമേഖലയിലെ കർഷകർ അവർ നട്ടു വളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 27/06/2019ന് വനം മന്ത്രി യോഗം വിളിച്ചു. പട്ടയ ഭൂമിയിൽ കർഷർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനു വനം വകുപ്പ് എതിരല്ല. എന്നാൽ ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്നും ഇത് സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ് എന്നുമാണ് വനം വകുപ്പ് നിലപാടെടുത്തത്. തുടർന്ന് റവന്യൂ വകുപ്പിന്‍റെ അഭിപ്രായം അറിയാൻ നിർദേശിച്ചു.

2019 സെപ്റ്റംബർ 3ന് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ മറ്റൊരു യോഗം ചേർന്നു. ഈ യോഗത്തിലും വനം വകുപ്പ് മേധാവി ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്ന വാദം ആവർത്തിച്ചു. പട്ടയം ലഭിച്ചശേഷം കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് ഭൂപതിവ് ചട്ടം 1964 ഭേദഗതി വരുത്താൻ യോഗത്തിൽ തീരുമാനമെടുത്തു. ഇതിൽ നിയമവകുപ്പിന്‍റെയും അഡീഷണൽ എജിയുടെയും അഭിപ്രായം സ്വരൂപിച്ച് ശുപാർശ ഉൾപ്പെടുത്തി സമർപ്പിക്കാൻ മന്ത്രി ഇ ചന്ദ്രശേഖരൻ ഉത്തരവിട്ടു. പക്ഷേ നടപ്പാക്കിയില്ല.

എന്നാൽ ഇത് നിയമപരമായി നിലനിൽക്കില്ല എന്നും 2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്ന് ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചു. പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും സ്വയം കിളിർത്തുവന്നതുമായ മരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച വ്യക്തത വരുത്താൻ റവന്യൂ വകുപ്പ് 2020 മാർച്ച് 11ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാം എന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ ‘വൺ എർത്ത് വൺ ലൈഫ്’ സംഘടന നൽകിയ കേസിൽ ഇത് സ്റ്റേ ചെയ്യുകയുണ്ടായി.

എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ട് മന്ത്രി ഇ ചന്ദ്രശേഖരൻ  ഉത്തരവിറക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു. നേരത്തേ നിയമ വകുപ്പിന്‍റെയും അഡിഷനൽ എജിയുടെയും ഉപദേശം വാങ്ങണം എന്ന് പറഞ്ഞ മന്ത്രിതന്നെ അത് ചെയ്യാതെ ഉത്തരവിനായി സമ്മർദം ചെലുത്തി. മന്ത്രി എഴുതിയ ഈ കുറിപ്പിൽ 2005ലെ വനേതര ഭൂമിയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്‍റെ ആറാം വകുപ്പിനെ ദുർവ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ആറാം വകുപ്പിന്‍റെ ക്ലിപ്ത നിബന്ധനയിൽ സർക്കാർ റിസർവ് ചെയ്ത മരങ്ങൾ ഇതിൽ ഉൾപ്പെടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മരം മുറി തടസപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി എന്ന അപൂർവമായ വ്യവസ്ഥതന്നെ ഇതിൽ ഉണ്ട്. ഇത് റവന്യൂ സെക്രട്ടറി 2020 ഒക്ടോബർ 24ന് ഉത്തരവായി ഇറക്കുകയായിരുന്നു.

ഇത്തരത്തില്‍ വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഇറക്കിയ ഉത്തരവാണ് വ്യാപകമായ വനംകൊള്ളയ്ക്ക് കുടപിടിക്കുന്നതായി മാറിയത്. ഏത് സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് ഇത്തരമൊരു ഉത്തരവിലേക്ക് നയിക്കാന്‍ പ്രേരണയായത് എന്നതിന്‍റെ വിശദാംശങ്ങളാണ് ഇനി പുറത്തുവരേണ്ടത്.