മിൽക്ക് എടിഎമ്മുകളും പച്ചക്കറി കൃഷിയും കൗ ബസാറും ഉൾപ്പെടെ നൂതനമായ വൈവിധ്യവൽക്കരണത്തിലേക്ക് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചുവടുവെയ്ക്കുന്നു. മിൽമാ ഗ്രാമോത്സവങ്ങളിലൂടെ ബഹുജന നിർദ്ദേശങ്ങൾ സമാഹരിച്ച് പഞ്ചവത്സര പദ്ധതി ആവിഷ്‌കരിച്ചു സമഗ്ര വികസനം നടപ്പിലാക്കുമെന്ന് മിൽമാ തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശ് അറിയിച്ചു.
ഉപഭോക്താക്കൾക്ക് ഗുണമേന്മയേറിയ പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിന് വൈവിധ്യമാർന്ന നിരവധി പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് തിരുവനന്തപുരം മേഖലാ ചെയർമാനും കോൺഗ്രസ്സ് നേതാവുമായ കല്ലട രമേശ് അറിയിച്ചു. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു കേന്ദ്രങ്ങളിൽ മിൽക്ക് എടിഎമ്മുകൾ സ്ഥാപിക്കും.
ഗ്രാമ തലത്തിൽ പ്രവർത്തിക്കുന്ന ബൾക്ക് മിൽക്ക് ചില്ലിംഗ് സെന്ററുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷനും ക്ഷീരകർഷകർക്ക് അധിക വരുമാനത്തിന് ഹരിത മിൽമ പച്ചക്കറി കൃഷി പദ്ധതി യും നടപ്പാക്കും. കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി കറവ മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വഴി മിൽമ കൗ ബസാർ പദ്ധതി ആരംഭിച്ചു കഴിഞ്ഞതായി കല്ലട രമേശ് പറഞ്ഞു.
പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി ഒഴിഞ്ഞ മിൽമ പാൽ കവറുകൾ തിരികെ എടുക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്രീൻ കേരള കമ്പനിയുമായി ധാരണയിൽ എത്തിയതായി കല്ലട രമേശ് അറിയിച്ചു. മിൽമ ഗ്രാമോത്സവങ്ങളിലൂടെ പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ച് പഞ്ചവത്സര പദ്ധതിയിലൂടെ മിൽമയുടെ സമഗ്ര വികസനമാണ് മേഖലാ യൂണിയൻ ലക്ഷ്യമിടുന്നത്. ഇതിനുള്ള ആദ്യ മിൽമ ഗ്രാമോത്സവം കൊല്ലം ജില്ലയിലെ ആനയടിയിൽ നാളെ ആരംഭിക്കും.